ന്യൂഡൽഹി: കൊവിഡ് ഭേദമായവർക്കുള്ള മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യോഗയും പ്രാണായാമവും ധ്യാനവും ശീലമാക്കണം. ഡോക്ടർമാരുടെ നിർദേശപ്രകാരം ആയുഷ് മരുന്നുകൾ ഉപയോഗിക്കാം. മാസ്ക്, ഹാൻഡ് സാനിറ്റൈസർ സാമൂഹിക അകലം എന്നിവ തുടരണമെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ചൂടുവെള്ളം നന്നായി കുടിക്കണം, ചെറുവ്യായാമം ചെയ്യണം, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കണം, മദ്യവും സിഗരറ്റും പൂർണമായും ഒഴിവാക്കണം എന്നിവയെല്ലാമാണ് മറ്റ് നിർദേശങ്ങൾ. രോഗിയെ ഡിസ്ചാർജ് ചെയ്താലും ആരോഗ്യപ്രവർത്തകർ ഏഴ് ദിവസത്തേക്ക് എങ്കിലും അവരുടെ ആരോഗ്യവിവരങ്ങൾ നിരന്തരമായി അന്വേഷിക്കണം. കൊവിഡ് രോഗികൾ ഉപയോഗിക്കേണ്ട ആയുഷ് മരുന്നുകളുടെ വിവരങ്ങളും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ അവ ഡോക്ടമാരുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാൻ പാടുള്ളുവെന്നും നിഷ്‌കർഷിക്കുന്നു.