ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹി കലാപ കേസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ആക്ടിവിസ്റ്റ് യോഗേന്ദ്രയാദവ് തുടങ്ങിയവരെയും പ്രതി ചേർത്തിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. അനുബന്ധ കുറ്റപത്രത്തിൽ കുറ്റാരോപിതരുടെ മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റം ചുമത്തില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ മറ്റു നിയമനടപടികളിലേക്ക് നീങ്ങൂ എന്നും പൊലീസ് വക്താവ് വ്യക്തമാക്കി. യെച്ചൂരിയടക്കമുള്ളവരുടെ പേരുകൾ കുറ്റപത്രത്തിൽ പരാമർശിച്ചതിനെ തുടർന്ന് പൊലീസിനെതിരെ രൂക്ഷവിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. അതേസമയം ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് ബി.ജെ.പി - ആർ.എസ്.എസ് തിരക്കഥയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ ആരോപിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് യെച്ചൂരി ഉൾപ്പെടെയുള്ളവരെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും പി.ബി വ്യക്തമാക്കി.
നിശബ്ദനാക്കാനാവില്ല- യെച്ചൂരി
കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കരുതിക്കൂട്ടി വേട്ടയാടുകയാണ് പൊലീസെന്നും തന്നെ നിശബ്ദനാക്കാനാണ് ബി.ജെ.പി സർക്കാരിന്റെ ശ്രമമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെ അക്രമം നടക്കുമ്പോൾ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവരാണ് ഞങ്ങൾ. ഇതും പൊരുതി തോല്പിക്കും. കേസിൽ കുടുക്കാൻ നേരത്തെയും ഈ തന്ത്രം പയറ്റിയിട്ടുണ്ട്. മൊഴിയിൽ പേരുകൾ ഉൾപ്പെടുത്തി പിന്നീട് കോടതിയിൽ നിന്ന് പ്രതികളാക്കാനുള്ള ഉത്തരവ് നേടുകയാണ് തന്ത്രമെന്നും യെച്ചൂരി പറഞ്ഞു.