ന്യൂഡൽഹി: കൊവിഡിനെ തുടർന്നുള്ള രാജ്യവ്യാപക സമ്പൂർണ ലോക്ക്ഡൗണിനിടെ സ്വന്തം നാട്ടിലേക്കുള്ള മടക്കത്തിനിടെ മരിച്ച കുടിയേറ്റ ത്തൊഴിലാളികളുടെ കണക്ക് അറിയില്ലെന്ന് കേന്ദ്രസർക്കാർ. അടൂർ പ്രകാശ് അടക്കമുള്ള എം.പിമാരുടെ ചോദ്യത്തിന് മറുപടിയായി തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ ലോക്‌സഭയെ രേഖാമൂലം അറിയിച്ചതാണിക്കാര്യം. മരിച്ചവരുടെ കണക്കില്ലാത്തതിനാൽ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യം പ്രസക്തമല്ലെന്നും ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്കും കൈവശമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മാർച്ച് 25 മുതൽ ആരംഭിച്ച് 68 ദിവസം നീണ്ട ലോക്ക്ഡൗണിനിടെ നഗരങ്ങളിൽ കുടുങ്ങിയ തൊഴിലാളികളിൽ പലരും കാൽനടയായും കിട്ടിയ വാഹനങ്ങളിലും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ റോഡ് അപകടങ്ങളിലും ട്രെയിനിലുമായി നിരവധിപ്പേർ മരിച്ചു. മേയ് 9നും 27നും ഇടയിൽ ശ്രമിക്ക് ട്രെയിനുകളിൽ 4നും 85നും ഇടയിൽ പ്രായമുള്ള 80 പേർ മരിച്ചെന്ന് റെയിൽവെ സുരക്ഷാ സേന റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പോലും കേന്ദ്രത്തിന്റെ മറുപടിയിൽ ഇല്ല.
കേരളത്തിലേക്ക് മടങ്ങിയത് മൂന്ന് ലക്ഷം പേർ
ലോക്ക്ഡൗൺ കാലയളവിൽ ആകെ1.46 കോടി തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്. ഏറ്റവും കൂടുതൽപ്പേർ എത്തിയത് യു.പിയിൽ. 32.4 ലക്ഷം. ബീഹാറിലേക്ക് 15 ലക്ഷവും രാജസ്ഥാനിലേക്കും പശ്ചിമംബഗാളിലേക്കും 13 ലക്ഷം പേരും മടങ്ങിയെത്തി. കേരളത്തിലേക്ക് മടങ്ങിയത് 3,11,124 പേർ. ഗുജറാത്ത്, കർണാടക, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയവരുടെ കണക്ക് കേന്ദ്രം നൽകിയ പട്ടികയിലില്ല. മേയ് 1 മുതൽ സർവീസ് നടത്തിയ പ്രത്യേക ശ്രമിക് ട്രെയിനുകളിലൂടെ 63.07 ലക്ഷം കുടിയേറ്റ തൊഴിലാളികളെയാണ് റെയിൽവെ വിവിധ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് മടക്കിയെത്തിച്ചത്.