prashant-bhushan

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി വിധിച്ച ഒരു രൂപ പിഴഅടച്ച് മുതിർന്ന അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. പിഴയടയ്ക്കാനുള്ള അവസാനതീയതി ഇന്നായിരുന്നു. പിഴയൊടുക്കിയില്ലെങ്കിൽ 3 മാസത്തെ ജയിൽവാസം വിധിച്ചിരുന്നു കോടതി.

'ഫൈൻ അടയ്ക്കുന്നത് കൊണ്ട് മാത്രം ഞാൻ കോടതി വിധി അംഗീകരിക്കുന്നു എന്നർത്ഥമില്ല. ഇന്ന് തന്നെ പുനഃപരിശോധന ഹർജിയും സമർപ്പിക്കുന്നുണ്ട്.' ഭൂഷൺ പറഞ്ഞു.

ഒരു സംഘം രാജസ്ഥാനികൾക്കൊപ്പമാണ് ഭൂഷൺ കോടതിയിലെത്തിയത്. പിഴ അടയ്ക്കുന്നതിനായി രാജ്യത്തിന്റെവിവിധ കോണുകളിൽ നിന്ന് സംഭാവനകൾ ലഭിച്ചിരുന്നുവെന്നും ഇത് ഉപയോഗിച്ച് ഒരു 'ട്രൂത്ത് ഫണ്ട്' രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നാഭിപ്രായങ്ങളുടെ പേരിൽ നിയമ നടപടികൾ നേരിടേണ്ടി വരുന്നവരെ സഹായിക്കുന്നതിനായും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കും.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമർശിച്ചതിനായിരുന്നു ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്.