modi

ന്യൂഡൽഹി: ഈ പാർലമെന്റ് സമ്മേളനത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുക്കുമെന്നും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തിയിൽ ബുദ്ധിമുട്ടുന്ന സൈനികർക്ക് പിന്തുണയേകുന്ന ശക്തമായ സന്ദേശം പാർലമെന്റ് നൽകും.

ഒരു വശത്ത് കൊവിഡ് മഹാമാരി നിലനിൽക്കെ കടമകൾ നിറവേറ്റാൻ എം.പിമാർ കാണിക്കുന്ന പ്രതിബദ്ധത അഭിനന്ദനാർഹമാണ്. കൊവിഡ് മൂലം ബഡ്ജറ്റ് സമ്മേളനം നേരത്തെ പിരിയേണ്ടി വന്നു. ഇരുസഭകളും ഷിഫ്റ്റ് രൂപത്തിലാണ് പ്രവർത്തിക്കുന്നത്. വാരാന്ത്യ അവധിയുമില്ല. ചുമതലകൾ നിറവേറ്റാനായി എല്ലാം അംഗങ്ങളും ഈ നടപടികളോട് സഹകരിക്കുന്നു.

സുപ്രധാനമായ നിരവധി തീരുമാനങ്ങളെടുക്കേണ്ട സമ്മേളനമാണിത്. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്. വിഷയങ്ങൾ വൈവിധ്യപരമായി കൂടുതൽ ചർച്ചയ്‌ക്ക് വിധേയമാകുമ്പോഴാണ് പ്രശ്‌നപരിഹാരങ്ങളുണ്ടാകുന്നത്. രാജ്യത്തിന് ഗുണമാകുന്നത്.

കൊവിഡിന് ഒരു മരുന്ന് ഇല്ലാത്ത സാഹചര്യത്തിൽ ചെറിയ അശ്രദ്ധ പോലും വിനയാകും. ലോകത്തെവിടെ നിന്നെങ്കിലും വാക്‌സിൻ വരുമെന്ന് നാം പ്രതീക്ഷിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞരും വിജയ പ്രതീക്ഷയിലാണ്.

അതിർത്തിയിലെ ദുർഘടസാഹചര്യങ്ങളും വെല്ലുവിളികളും സഹിച്ച് രാജ്യത്തെ കാക്കുന്ന ധീരരായ സൈനികർക്ക് പിന്തുണ നൽകേണ്ട ബാദ്ധ്യതയും പാർലമെന്റിനുണ്ടെന്നും മോദി പറഞ്ഞു.