umar-khalid

ന്യൂഡൽഹി: ഡൽഹികലാപത്തിൽ ഗൂഢാലോചനാകുറ്റം ആരോപിച്ച് ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു.

ലോധി കോളനിയിലെ സ്‌പെഷ്യൽ സെൽ ഓഫീസിൽ വച്ച് ഞായറാഴ്ച 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കലാപത്തിന്റെ ആസൂത്രകൻ എന്നാരോപിച്ച് ഉമർ ഖാലിദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കി.

ജൂലായ് 31നും ഉമറിനെ ചോദ്യം ചെയ്തിരുന്നു. അന്ന് ഫോൺ പിടിച്ചെടുത്തിരുന്നു.

ഇതിന് പിന്നാലെ ഡോക്യുമെന്ററി സംവിധായകരായ രാഹുൽ റോയിയെയും സബാ ദീവാനെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പൊലീസ് നോട്ടീസ് നൽകി. കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ രാഹുൽ റോയിയുടെ പേരുണ്ട്. സബാ ദീവാന്റെ പേരില്ല. ഇവർ 'ഡൽഹി പ്രൊട്ടസ്റ്റ് സപ്പോർട്ട് ഗ്രൂപ്പ്' എന്ന പേരിൽ കലാപകാരികളെ പിന്തുണക്കുന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പൊലീസ് നടപടി.

അണപൊട്ടി പ്രതിഷേധം

ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സാമൂഹികമാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധം. കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിൽ പ്രകോപനപരമായ പ്രസംഗങ്ങളും പരാമർശങ്ങളും നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂർ, കപിൽ മിശ്ര, പർവേഷ് വർമ, ജെ.എൻ.യുവിൽ ആക്രമണം നടത്തിയ കോമൾ ശർമ തുടങ്ങിയവർക്കെതിരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാത്ത സർക്കാർ, കലാപവുമായി ബന്ധമില്ലാത്തവരെ മുൻവൈരാഗ്യത്തോടെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നുവെന്നാണ് വിമർശനം. 'അറസ്റ്റ് കപിൽ മിശ്ര', 'സ്റ്റാൻഡ് വിത്ത് ഉമർ ഖാലിദ്' തുടങ്ങിയ ഹാഷ്‌ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിംഗായി.