harivansh

ന്യൂഡൽഹി: ജെ.ഡി.യു എംപി ഹരിവംശ് നാരായൺ സിംഗ് രണ്ടാമതും രാജ്യസഭാ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ 113 അംഗങ്ങളുള്ള എൻ.ഡി.എയ്‌ക്ക് പുറമെ വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി, ടി.ആർ.എസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയിൽ ശബ്‌ദവോട്ടോടെയാണ് ഹരിവംശ് തിരഞ്ഞെടുക്കപ്പെട്ടത്.

ഹരിവംശിനെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും എംപിയുമായ ജെ.പി. നദ്ദ കൊണ്ടുവന്ന പ്രമേയത്തെ കേന്ദ്രമന്ത്രി തൻവർ ചന്ദ് ഗെലോട്ട് പിന്താങ്ങി. പ്രതിപക്ഷ സ്ഥാനാർത്ഥിയായ മനോജ് ഝായെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രമേയം കൊണ്ടുവന്നപ്പോൾ ആനന്ദ് ശർമ്മ പിന്താങ്ങി.

2018ലാണ് ഹരിവംശ് രാജ്യസഭാ ഉപാദ്ധ്യക്ഷനായി ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് അദ്ദേഹം സ്ഥാനം ഒഴിഞ്ഞിരുന്നു.