ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഏർപ്പെടുത്തിയ ജനതാ കർഫ്യൂവും ലോക്ക്ഡൗണും വഴി രാജ്യത്ത് കൊവിഡ് കേസുകൾ നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ലോക്‌സഭയിൽ നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞു. കേരളം അടക്കം 13 സംസ്ഥാനങ്ങളിലാണ് കൂടുതൽ കൊവിഡ് കേസുകളും റിപ്പോർട്ടു ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും പത്തുലക്ഷം പേരിൽ 3328 കേസുകൾ, 55 മരണം എന്ന തോതിൽ നിയന്ത്രിച്ച് നിറുത്താനായി. ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാപനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഫലപ്രദമായിരുന്നു. 14ലക്ഷം മുതൽ 29 ലക്ഷം കേസുകളും 37,000 മുതൽ 78,000 വരെ മരണവും ഇതു വഴി കുറയ്‌ക്കാൻ കഴിഞ്ഞു. തുടർന്നുള്ള നാലു മാസങ്ങളിൽ കൊവിഡ് ചികിത്സയ്‌ക്കുള്ള ആരോഗ്യ അടിസ്ഥാന വികസനം സാദ്ധ്യമാക്കാനും സാധിച്ചു. വ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളും രാജ്യത്തെ പരിശോധനാ സൗകര്യങ്ങൾ അടക്കമുള്ളവയെക്കുറിച്ചും മന്ത്രി വിശദമാക്കി.