ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹി കലാപ കേസിൽ അറസ്റ്റിലായ ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ പത്തു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉമർ ഖാലിദും മറ്റു രണ്ടു പേരും ചേർന്നാണ് ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനിടെ പ്രകോപനപരമായ പ്രസംഗത്തിലൂടെ ജനങ്ങളെ സംഘർഷത്തിന് പ്രേരിപ്പിച്ചുവെന്നുമാണ് പൊലീസിന്റെ ആരോപണം. ഞായറാഴ്ച പത്തു മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം അർദ്ധരാത്രിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. യു.എ.പി.എ കുറ്റവും ചുമത്തിയിട്ടുണ്ട്.
അതേസമയം, ഉമർ ഖാലിദിന്റെ അറസ്റ്റിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധമുയർന്നു. സി.പി.എം പൊളിറ്റ്ബ്യൂറോ അപലപിച്ചു.ഇതിനിടെ, കലാപ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനായി ചലച്ചിത്രപ്രവർത്തകരായ രാഹുൽ റോയ്, സബ ദിവാൻ എന്നിവർക്ക് പൊലീസ് സമൻസയച്ചു.