ന്യൂഡൽഹി: എഴുപതാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മയുടെ അനുഗ്രഹം വാങ്ങാനായി എത്തില്ലെന്ന് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനത്തിന്റെയും പാർലമെന്റ് സമ്മേളനത്തിന്റെയും പശ്ചാത്തലത്തിൽ ഇത്തവണത്തെ ജന്മദിനത്തിൽ മോദിയുടെ പതിവ് ഗുജറാത്ത് സന്ദർശനത്തിന് സാദ്ധ്യതയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
നാളെയാണ് പ്രധാനമന്ത്രിയുടെ 70-ാം പിറന്നാൾ. 2014ന് ശേഷമുള്ള എല്ലാ ജന്മദിനത്തിലും മോദി അമ്മ ഹീരാബായിയുടെ അടുത്തെത്തിയിരുന്നു. അമ്മയുടെ കൈയിൽ നിന്ന് അനുഗ്രഹവും മധുരവും സ്വീകരിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഇത്തവണ പിറന്നാൾ ദിനം രാജ്യവ്യാപകമായി സേവാ സപ്താഹമാക്കാനാണ് ബി.ജെ.പിയുടെ ആഹ്വാനം.
14 മുതൽ 20 വരെ നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി സേവാ പ്രവർത്തങ്ങൾ നടപ്പാക്കുമെന്ന് ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ പറഞ്ഞു.
സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകിയാണ് പരിപാടികൾ നടത്തുക. രാജ്യത്താകമാനം 70 വെർച്വൽ റാലികളും നടത്തുമെന്നും ജെ.പി.നദ്ദ അറിയിച്ചു.