ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് ലോക്സഭയിൽ ഉത്തരം നൽകാതെ കേന്ദ്ര സർക്കാർ. എൻ.ഐ.എ കേസെടുത്തെന്നും, എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ടെന്നും മാത്രമാണ് യു.ഡി.എഫ് അംഗങ്ങളുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി രേഖാമൂലം നൽകിയ മറുപടി.എൻ.ഐ.ഐ എടുത്ത കേസിന്റെ വിശദാംശങ്ങളും അന്വേഷണത്തിന്റെ തത്‌സ്ഥിതിയും കേസിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പങ്കാളിത്തം എത്രത്തോളം, എടുത്ത നടപടിയെന്ത് എന്നീ ചോദ്യങ്ങളാണ് അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, കെ.സുധാകരൻ, ബെന്നി ബെഹനാൻ എന്നിവർ ഉന്നയിച്ചത്. രണ്ടു ചോദ്യത്തിനും ഒറ്റ മറുപടിയായിരുന്നു. 14.82 കോടി രൂപ മൂല്യമുള്ള 30 കിലോ 24 കാരറ്റ് സ്വർണം കസ്റ്റംസ് പിടിച്ചതുമായി ബന്ധപ്പെട്ട കേസ് ജൂലായ് 9ന് എൻ.ഐ.എയെ ഏൽപ്പിച്ചെന്നും, 10ന് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും കിഷൻ റെഡ്ഡി വ്യക്തമാക്കി. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കാരോപിച്ച് ബി.ജെ.പിയും യു.ഡി.എഫും കേരളത്തിൽ പ്രക്ഷോഭ രംഗത്തുള്ളപ്പോഴാണ് കേന്ദ്രസർക്കാരിന്റെ ഈ മറുപടി.