yogi-adityanath

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആഗ്രയിൽ മുഗൾ രാജവംശത്തിന്റെ പേരിൽ നിർമ്മാണത്തിലിരിക്കുന്ന മ്യൂസിയത്തിന്റെ പേര് 'ഛത്രപതി ശിവാജി മ്യൂസിയം" എന്ന് മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളൻമാർ എങ്ങനെ നമ്മുടെ നായകന്മാരാകുമെന്ന് യോഗത്തിൽ ആദിത്യനാഥ് ചോദിച്ചു.

'ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജാവിന്റെ പേരിൽ അറിയപ്പെടും. പുതിയ ഉത്തർപ്രദേശിൽ അടിമത്ത മനോഭാവത്തിന്റെ അടയാളങ്ങൾ പുലർത്തുന്ന ഒന്നിനും ഇടമില്ല. ശിവജി മഹാരാജാണ് നമ്മുടെ നായകനെന്നും" ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

താജ് മഹലിന്റെ കിഴക്ക് പ്രവേശനകവാടത്തിന് സമീപം ആറ് ഏക്കറിലാണ് മ്യൂസിയം നിർമിക്കുന്നത്. 140 കോടിയാണ് ചെലവ്. മുഗൾ ഭരണകാലത്തെ രേഖകളും നിർമിതികളുമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്. ഛത്രപതി ശിവജിയുടെ കാലത്തെ രേഖകളും വസ്തുക്കളും പ്രദർശനത്തിനുണ്ടാകും.

നേരത്തേ, അലഹബാദിന്റെ പുതിയ പേര് പ്രയാഗ് രാജ് എന്ന് യോഗി മാറ്റിയിരുന്നു. ഇന്ത്യയുടെ അഭിമാനമായ താജ് മഹൽ, കുത്തബ് മിനാർ അടക്കമുള്ള പല കെട്ടിടങ്ങളും മുഗൾ ഭരണകാലത്ത് നിർമിച്ചതാണ്.