safety-threat

ന്യൂഡൽഹി: പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം രാജ്യത്തെ പ്രമുഖരായ പതിനായിരം പേരുടെ വിവരം ശേഖരിക്കുന്ന ചൈനീസ് കമ്പനിയുടെ നടപടിയിൽ സുരക്ഷാ ഭീഷണിയുണ്ടോയെന്ന് പഠിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇതിനായി ചുമതലപ്പെടുത്തി. തന്ത്രപ്രധാന മേഖലയിലുള്ളവരെ നിരന്തരമായി നിരീക്ഷിച്ചത് ഗൗരവമുള്ള വിഷയമാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.

ഇന്ത്യയിലെ പ്രമുഖരെ പിന്തുടർന്ന് ചൈനീസ് കമ്പനി എത്രത്തോളം വിവരങ്ങൾ ശേഖരിച്ചുവെന്നാണ് കേന്ദ്രം പരിശോധിക്കുക. വലിയ അളവിൽ വിവരങ്ങൾ ചോർന്നിട്ടുണ്ടോ? ഇത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണോ?​ എന്നിവയെല്ലാമാണ് കേന്ദ്രം പഠിക്കുക. സൈബർ സുരക്ഷ ഏജൻസികളുടെയും മറ്റ് സുരക്ഷ ഏജൻസികളുടെയും സഹായത്തോടെയാകും പഠനം. റിപ്പോർട്ട് അജിത് ഡോവലിന് കൈമാറും. ഇദ്ദേഹം പഠനം വിലയിരുത്തിയാകും തുടർ നീക്കങ്ങൾ കേന്ദ്രം സ്വീകരിക്കുക.

ഹാർഡ്‌വെയർ നിർമ്മാണ രംഗത്ത് ചൈനക്കുള്ള മേൽക്കൈ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്നതും പഠനത്തിന്റെ ഭാഗമാണ്. വിവരങ്ങൾ ചോർത്തിയ ഷൻഹാൻ ഡാറ്റ ടെക്‌നോളജിയ്ക്ക് ഇത്തരത്തിൽ ഏതെങ്കിലും കമ്പനിയുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. സ്വദേശിവത്കരണമടക്കം സൈബർ ശുദ്ധീകരണത്തിനുള്ള സാദ്ധ്യതകളെക്കുറിച്ചും കേന്ദ്രം പഠിക്കും.