ന്യൂഡൽഹി: രാജ്യത്തിന് മാത്രമല്ല, ലോകത്തിന് മുഴുവനായി കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കാനുളള കഴിവ് ഇന്ത്യയിലെ മരുന്ന് കമ്പനികൾക്കുണ്ടെന്ന് പ്രമുഖ വ്യവസായിയും ബിൽ ആന്റ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ബിൽ ഗേറ്റ്‌സ്.
വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. നിർമ്മാണത്തിൽ മുൻകൈ എടുത്തതിന് പുറമേ മറ്റു വികസ്വര രാജ്യങ്ങൾക്ക് മരുന്ന് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആഗോളതലത്തിൽ കൊവിഡിനെ നിയന്ത്രണവിധേയമാക്കുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ബിൽ ഗേറ്റ്‌സ് പറഞ്ഞു.
അടുത്ത വർഷം വാക്‌സിൻ പുറത്തുവരുമെന്നാണ് പ്രതീക്ഷ. വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെങ്കിൽ ഇന്ത്യയിൽ നിന്ന് വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കാനുളള വഴികളെ കുറിച്ചാണ് ലോകരാജ്യങ്ങൾ ആലോചിക്കുന്നത്. മറ്റു വികസ്വര രാജ്യങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കാനുളള ഇന്ത്യയുടെ ഉത്പ്പാദന ശേഷിയെക്കുറിച്ച് ലോകരാജ്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും ബിൽ ഗേറ്റ്‌സ് പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ ഉത്പാദനവും വിതരണവും വേഗത്തിലാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ധാരണയായിട്ടുണ്ട്.