ന്യൂഡൽഹി: 'നല്ല ' പത്ത് സ്ത്രീകളെക്കുറിച്ച് പുസ്തകമെഴുതാനെന്ന പേരിൽ പ്രായപൂർത്തിയാകാത്തവരടക്കം നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അൻപതുകാരൻ 'ലവ്ഗുരു' അറസ്റ്റിലായി.
നിരവധി പീഡനക്കേസുകളിലെ പ്രതിയും വിവാഹത്തട്ടിപ്പ് വീരനുമായ ധവാൽ ത്രിവേദിയാണ് ഹിമാചൽ പ്രദേശിലെ സോളാൻ ജില്ലയിലെ ബദ്ദിയിൽ അറസ്റ്റിലായത്. തന്റെ ജീവിതത്തിലെ പത്തു വനിതകൾ എന്ന പേരിൽ പുസ്തകം രചിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ താനെയിൽ ഫിലോസഫി പ്രൊഫസറുടെ മകനായി ജനിച്ച ധവാൽ ത്രിവേദി, എം. എ ഇംഗ്ലീഷ് ബിരുദധാരിയാണ്. ലവ് ഗുരു എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വകാര്യ സ്‌കൂളുകളിൽ അദ്ധ്യാപകനായിരിക്കെയായിരുന്നു ലൈംഗിക ചൂഷണം. കൗമാരക്കാർ ഉൾപ്പെടെ ഒൻപത് സ്ത്രീകളെ വിവാഹം ചെയ്തു. പഞ്ചാബ് സ്വദേശികളായ രണ്ട് പതിനാറ്കരികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രാജ്‌കോട്ട് കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. 2018 ആഗസ്റ്റിൽ പരോളിലിറങ്ങി കോളേജ് വിദ്യാർത്ഥിനിയായ പതിനെട്ടുകാരിയെയും കൂട്ടി മുങ്ങി. തുടർന്നാണ് കേസ് ഗുജറാത്ത് ഹൈക്കോടതി സി.ബി.ഐക്ക് കൈമാറിയത്.
ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ സി.ബി.ഐ. പാരിതോഷികം പ്രഖ്യാപിച്ചു. സിക്ക്കാരനായി വേഷമിട്ട് ഗുരുദ്വാരകളിലാണ് ഒളിവിൽ താമസിച്ചിരുന്നതെന്ന് ത്രിവേദി പറയുന്നു.
ത്രിവേദിയ്‌ക്കൊപ്പം പോയ പതിനെട്ടുകാരി അച്ഛനെ വിളിച്ചിരുന്നു. ഇതറിഞ്ഞ പൊലീസും സി.ബി.ഐയും കോൾ പോയത് യുപിയിൽ നിന്നാണെന്ന് കണ്ടെത്തി. അന്വേഷണസംഘം യു.പിയിലെത്തിയെങ്കിലും ത്രിവേദി മുങ്ങിയിരുന്നു. തുടർന്ന് ഉത്തരേന്ത്യയിലെ വിദ്യാലയങ്ങളിലടക്കം ധവാൽ ത്രിവേദിയുടെ ഫോട്ടോ നൽകി നടത്തിയ തിരിച്ചിലിലാണ് കുടുങ്ങിയത്.