ന്യൂഡൽഹി: ബോളിവുഡിൽ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ബി.ജെ.പി എം.പിയും നടനുമായ രവികിഷന്റെ പ്രസ്താവനയ്‌ക്കെതിരെ നടിയും സമാജ് വാദി പാർട്ടി എം.പിയുമായ ജയാബച്ചൻ. ചിലർ അന്നം തന്ന കൈയിൽ തന്നെ കടിക്കുകയാണെന്ന് ജയാബച്ചൻ രാജ്യസഭയിൽ പറഞ്ഞു.
'ഏതെങ്കിലും ചിലരുടെ പേരിൽ മുഴുവൻ മേഖലയെയും അടച്ചാക്ഷേപിക്കരുത്. കഴിഞ്ഞ ദിവസം ലോക്‌സസഭയിൽ സിനിമാ മേഖലയിൽ നിന്നുള്ളയാൾ തന്നെ അത്തരമൊരു പരാമർശം നടത്തിയത് ലജ്ജിപ്പിക്കുന്നുവെന്നും" രവികിഷന്റെ പേര് പറയാതെ ജയബച്ചൻ വ്യക്തമാക്കി.
രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ നിന്നും തൊഴിലില്ലായ്മയിൽനിന്നും ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. പ്രതിദിനം നേരിട്ട് അഞ്ചുലക്ഷം പേർക്കും പരോക്ഷമായി 50 ലക്ഷം പേർക്കും തൊഴിൽ നൽകുന്നതാണ് നമ്മുടെ രാജ്യത്തെ വിനോദ വ്യവസായ മേഖലയെന്നും അവർ പറഞ്ഞു.
സിനിമാമേഖലയിലും മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും യുവതലമുറയെ തകർക്കാനുള്ള അയൽരാജ്യങ്ങളുടെ ഗൂഢാലോചനയാണിതെന്നും കേന്ദ്രം കർശന നടപടിയെടുക്കണമെന്നുമാണ് രവികിഷൻ പറഞ്ഞത്. നടൻ സുശാന്ത്സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ലോക്‌സഭയിലെ പ്രസ്താവന.
അതേസമയം ജയാബച്ചന്റെ പ്രസ്താവനയ്‌ക്കെതിരെ നടി കങ്കണ റണൗട്ട് രംഗത്തെത്തി. സ്വന്തം കുടുംബത്തിലെ ആർക്കെങ്കിലും ഇതുപോലെ അപകടം സംഭവിച്ചാൽ ഇതാകുമോ നിലപാടെന്ന് കങ്കണ ചോദിച്ചു.
രണ്ട് കോടി നഷ്ടപരിഹാരം വേണം
ഓഫീസ് കെട്ടിടം മുംബയ് നഗരസഭ പൊളിച്ചതിനെതിരെ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണൗട്ട് ഹൈക്കോടതിയെ സമീപിച്ചു. മഹാരാഷ്ട്ര സർക്കാരിനെതിരായ അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് പൊളിച്ചുമാറ്റലെന്നും നടി ഹർജിയിൽ ആരോപിച്ചു.