bindaz-bol

ന്യൂഡൽഹി: സിവിൽ സർവീസിലേക്ക് ന്യൂനപക്ഷ മതവിഭാഗം കൂടുതലായി എത്തുന്നത് 'യു.പി.എസ്.സി ജിഹാദ്" ആണെന്ന് ആരോപിച്ച് സുദർശൻ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാർത്താധിഷ്ഠിത പരിപാടി 'ബിന്ദാസ് ബോൽ' നിറുത്തിവയ്ക്കണമെന്ന് സുപ്രീംകോടതി.

രാജ്യത്തെ പരമോന്നത നീതിപീഠമെന്ന നിലയിൽ ഒരു സമുദായത്തെ അപകീർത്തിപ്പെടുന്ന രീതിയിലുള്ള പരിപാടികൾ സംപ്രേഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചർച്ചകളിൽ നിഷ്പക്ഷരായ മാദ്ധ്യമപ്രവർത്തകരെയാണ് ആവശ്യം എന്നും ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടു.
മുസ്ലിം സമുദായത്തിൽപ്പെട്ടവർ സിവിൽ സർവീസിലേക്ക് നുഴഞ്ഞു കയറുന്നു എന്ന് പറയുന്നത് അനുവദിക്കാനാവില്ല. ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ സിവിൽ സർവീസിൽ എത്തുന്നത് ഗൂഢാലോചനയാണെന്ന വാദം അടിസ്ഥാനരഹിതമാണ്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ മാദ്ധ്യമങ്ങൾക്ക് എന്തും പറയാമെന്ന് കരുതരുത്.

അമേരിക്കയിലേത് പോലെ മാദ്ധ്യമ പ്രവർത്തകർക്ക് പ്രത്യേക സ്വാതന്ത്ര്യം ഇവിടെയില്ല. മറ്റ് പൗരന്മാർക്ക് ഉള്ള സ്വാതന്ത്ര്യമേയുള്ളൂ. ദൃശ്യ മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കാൻ സമിതി രൂപീകരിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.