ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട്
ഡൽഹി, കർണാടക, ബിഹാർ, സംസ്ഥാനങ്ങളോട് പരിശോധന ഉയർത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 14 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ 5000ത്തിൽ താഴെയാണെന്ന് കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. എന്നാൽ മഹാരാഷ്ട്ര, ആന്ധ്ര,കർണാടക, യു.പി എന്നീ സംസ്ഥാനങ്ങളിൽ അരലക്ഷത്തിന് മുകളിലാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 8.4 ശതമാനമാണ്. രാജ്യത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്‌സിൻ പരീക്ഷണം അതിവേഗത്തിൽ
മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം അതിവേഗം പുരോഗമിക്കുകയാണെന്ന് ഐ.സി.എം.ആർ അറിയിച്ചു. കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഫേസ് 2-ബി3 ട്രെയൽ പൂർത്തിയാക്കി. മൂന്നാംഘട്ടം 14 ഇടങ്ങളിലായി 1500 പേരിൽ നടത്തും. ഇത് ഉടൻ ആരംഭിക്കും.
കാഡില, ഭാരത് ബയോടെക് എന്നിവ പരീക്ഷണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ്.
ഗുജറാത്തിൽ സിവിൽ സപ്ലൈസ് മന്ത്രി ജയേഷ് റഡാദിയയക്കും ബി.ജെ.പി എം.എൽ.എ രാഘവജി പട്ടേലിനും കൊവിഡ്.
മഹാരാഷ്ട്രയിലെ കൊവിഡ് മരണം 30,000 കടന്നു. ആകെ രോഗികൾ 11 ലക്ഷത്തോടടുത്തു.
ഡൽഹിയിൽ ആകെ രോഗികൾ 2.25 ലക്ഷം പിന്നിട്ടു. ഇന്നലെ 4,263 പുതിയ രോഗികളും 36 മരണവും.