ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സമ്മേളനത്തിൽ പുതിയ സംവിധാനങ്ങളുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് എം.പിമാർ. പാർലമെന്റിൽ വർഷങ്ങളുടെ പരിചയമുള്ളവർ പോലും ബുദ്ധിമുട്ടുന്നുണ്ട്.
കഴിഞ്ഞ പാർലമെന്റ് സമ്മേളനം വരെ ഒരു സഭയിലെ അംഗങ്ങൾക്ക്, മന്ത്രിമാർ ഒഴികെ മറ്റൊരു സഭയിൽ കയറാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ രാവിലെ 9 മുതൽ ഒന്ന് വരെ നടപടികൾ നടക്കുമ്പോൾ രാജ്യസഭാ അംഗങ്ങൾ സമൂഹ അകലം പാലിക്കാൻ ലോക്സഭാ ചേംബറിലും ഇരിക്കും. ഉച്ചയ്ക്ക് ശേഷം ലോക്സഭാ അംഗങ്ങളെ രാജ്യസഭയിലും കാണാം. ചേംബറിലെ ഗാലറികളിലും അംഗങ്ങൾക്ക് ഇരിപ്പിടമുണ്ട്.
രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനും ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും ഒരാൾ സംസാരിക്കുന്നത് എവിടെ ഇരുന്നാണെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മറ്റിടങ്ങളിൽ ഇരിക്കുന്നവരുടെ ദൃശ്യങ്ങൾ ചേംബറിനുള്ളിൽ സ്ഥാപിച്ച വലിയ സ്ക്രീനിൽ തെളിയുമെങ്കിലും കാമറയും മൈക്കും നിയന്ത്രിക്കുന്ന സാങ്കേതിക പ്രവർത്തകരും കുഴയുന്നു. ഇരിപ്പിടങ്ങൾക്കിടയിൽ സുരക്ഷയ്ക്കായി പ്ളാസ്റ്റിക് ഷീറ്റ് വലിച്ചതിനാൽ പലരെയും കാണാൻ പ്രയാസം. എഴുന്നേറ്റു നിന്ന് സംസാരിക്കരുതെന്ന് നിർദ്ദേശവുമുണ്ട്.പ്ളാസ്റ്റിക് ഷീറ്റിൽ ഒട്ടിച്ച നമ്പർ നോക്കിയാണ് ആളെ തിരിച്ചറിയേണ്ടത്. അതു കണ്ടുപിടിച്ച് കാമറ ഫോക്കസ് ചെയ്തിട്ടു വേണം മൈക്ക് ഓൺ ചെയ്യാൻ.
ഇതിന് ഇന്നലെ വെങ്കയ്യ നായിഡു ഒരു പരിഹാരം നിർദ്ദേശിച്ചു. ചോദ്യം ചോദിക്കാൻ എഴുന്നേൽക്കുമ്പോൾ എം.പിമാർ തങ്ങൾ ഇരിക്കുന്നത് എവിടെയാണെന്നും നമ്പരും പറയുക. 'സർ, ഞാൻ ലോക്സഭാ ചേംബറിൽ നിന്നാണ്. എന്റെ നമ്പർ നാല്' ഇങ്ങനെ പറയുമ്പോൾ കാമറയ്ക്ക് ആളെ ഫോക്കസ് ചെയ്യാൻ കഴിയുമെന്നും വെങ്കയ്യ ചൂണ്ടിക്കാട്ടി.