സന്യാസ തുല്യമാണ് മോദിയുടെ ജീവിതം. ലാളിത്യം. നിശ്ചയദാർഢ്യം. പദവികൾ അദ്ദേഹത്തെ അലട്ടാറേയില്ല. ഇന്ത്യൻ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറ്റിമറിച്ച നേതാവ്. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടപ്പാക്കിയ വികസന കേന്ദ്രീകൃത രാഷ്ട്രീയ സിദ്ധാന്തം ദേശീയതലത്തിൽ പ്രയോഗിച്ച് വിജയിപ്പിച്ചു. ബി.ജെ.പിയോട് അകന്നുനിന്ന ജനവിഭാഗങ്ങളെയും
ക്ഷേമപദ്ധതികളിലൂടെ അടുപ്പിച്ചു. ബദൽ വോട്ടുബാങ്ക് സൃഷ്ടിച്ചു. പാവങ്ങളുമായി നേരിട്ട് ആശയവിനിമയം സാദ്ധ്യമാക്കി.
മൊറാർജി സർക്കാരിൻറെ കാലത്ത് ഡൽഹിയിലെത്തിയപ്പോഴാണ് ഞാൻ മോദിയെ ആദ്യമായി കാണുന്നത്. 1979 ജനുവരിയിൽ. . അന്നദ്ദേഹം ആർ.എസ്.എസ് പ്രചാരകനായിരുന്നു. സിദ്ധാന്തപരമായി വളരെ അടിത്തറയുള്ള നേതാവാണെന്ന് അന്ന് തന്നെ മനസിലായി.
പിന്നീട്, ഗുജറാത്തിൽ പാർട്ടി സംഘടനാ സെക്രട്ടറിയായി. ഗുജറാത്തിൽ കോൺഗ്രസിന്റെ ശക്തമായ പ്രതിപക്ഷമായിരുന്ന സംഘടനാ കോൺഗ്രസിന്റെ ഇടം പത്ത് വർഷം കൊണ്ട് ബി.ജെ.പി പിടിച്ചെടുത്തു. പിന്നീട് കേശുഭായ് പട്ടേലിന്റെ സർക്കാരിൽ നെടുംതൂണായി . 2001ൽ മുഖ്യമന്ത്രിയായി. നാൽപ്പത് ശതമാനം ഗ്രാമങ്ങളിലും വൈദ്യുതിയില്ലാതിരുന്ന ഗുജറാത്തിൽ 24 മണിക്കൂറും വൈദ്യുതി എല്ലാവർക്കുമെന്ന പദ്ധതി ജനകീയമായി. 60 ശതമാനം പെൺകുട്ടികളും സ്‌കൂളിൽ പോകാത്ത സ്ഥിതി. മോദിയും മറ്റു മന്ത്രിമാരും വീടുകളിൽ നേരിൽച്ചെന്ന് പ്രോത്സാഹനമേകി. 90 ശതമാനം പെൺകുട്ടികളും സ്‌കൂളിൽ പോകുന്ന റെക്കാർഡ് ..
പ്രധാനമന്ത്രിയായപ്പോൾ, പാവങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ. ജൻധൻ അക്കൗണ്ടുകൾ വഴി ഏറ്റവും പാവപ്പെട്ടവർക്കും,.കർഷകരുടെ അക്കൗണ്ടിലേക്കും നേരിട്ട് പണം..
മാദ്ധ്യമങ്ങൾ സൃഷ്ടിച്ച നേതാവല്ല മോദി.വീട്ടുകാരടക്കം എല്ലാവരോടും ശരിയായ അകലം. സ്വത്ത് സമ്പാദ്യമില്ല.. പ്രധാനമന്ത്രിയായി ഡൽഹിയിലേക്ക് വന്നപ്പോൾ തൻറെ അക്കൗണ്ടിലെ മുഴുവൻ തുകയും ഗുജറാത്തിലെ പെൺകുട്ടികളുടെ പഠനത്തിന് കൈമാറി. ശുപാർശകൾ ഇഷ്ടപ്പെടാത്തയാൾ. സ്വജനപക്ഷപാതത്തിനും, അഴിമതിക്കും ഇടമില്ല.. പണത്തെയും, മാദ്ധ്യമങ്ങളെയും, വലിയ വ്യവസായികളെയും ആശ്രയിക്കാതെ, രാഷ്ട്രീയ പശ്ചാത്തലമില്ലാതെ കടന്നുവന്ന നേതാവ്.
ഞാൻ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു, വിജയരഹസ്യമെന്താണ്?..ഉത്തരമിങ്ങനെ-
'ഒരു തീരുമാനമെടുക്കുമ്പോൾ അതെനിക്ക് രാഷ്ട്രീയ നേട്ടമാകുമോ കോട്ടമാകുമോയെന്ന് ഞാൻ ആലോചിക്കാറില്ല. എത്ര വിമർശനം വന്നാലും പിന്നോട്ടുപോകില്ല.'
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് ബിൽ പാസാക്കൽ,അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം.ഒരിക്കലും നടക്കില്ലെന്ന് ധരിച്ച ബി.ജെ.പിയുടെ അജൻഡകളിൽ പലതും നടപ്പാക്കാനായി.
അതാണ് മോദിയുടെ ഇച്ഛാശക്തി.
തയാറാക്കിയത്- അനിൽ.വി.ആനന്ദ്