ന്യൂഡൽഹി: മോസ്കോയിൽ കഴിഞ്ഞ പത്തിന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് അതിർത്തിയിൽ പല തവണ വെടിവയ്പ് നടന്നതായി റിപ്പോർട്ട്.
സേനകൾ മൂന്ന് ദിവസം 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിയുതിർത്തെന്നാണ് വിവരം. അതിർത്തിയിൽ 45 വർഷമായി നിലനിന്ന വെടിനിറുത്തൽ ലംഘിച്ച് ചൈനയാണ് ആദ്യം വെടിവച്ചത്.
ആദ്യത്തെ വെടിവയ്പ് ആഗസ്റ്റ് 29നും 31നും ഇടയിലായിരുന്നു. പാംഗോംഗ് തടാകത്തിന്റെ തെക്കൻ തീരത്തെ മലകളുടെ മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യൻ സേന വിഫലമാക്കിയപ്പോഴാണ് ചൈന വെടിവച്ചത്.
സെപ്‌തംബർ ഏഴിന് മുഖ്‌പാരി കുന്നിൻമുകളിലേക്ക് ചൈന കടന്നുകയറാൻ ശ്രമിച്ചപ്പോഴായിരുന്നു രണ്ടാമത്തെ വെടിവയ്‌പ്. ഇരു രാജ്യങ്ങളുടെയും ബ്രിഗേഡ് കമാൻഡർമാർ ചർച്ച നടത്തുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. എന്നാൽ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി.തൊട്ടടുത്ത ദിവസം പാംഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്തും വെടിവയ്‌പുണ്ടായി.
ചൈനീസ് പട്ടാളം വളരെ ആക്രമണ സ്വഭാവത്തോടെയാണ് മൂന്ന് തവണയും വെടിവച്ചതെന്നാണ് സൈനിക കേന്ദ്രങ്ങൾ പറയുന്നത്.
സെപ്തംബർ ആദ്യ വാരം ഇന്ത്യൻ സൈന്യത്തിന്റെയും പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും സാന്നിദ്ധ്യത്തിൽ വെടിവയ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ചൈനീസ് സൈന്യം അതിർത്തി കടക്കാൻ ശ്രമിച്ചപ്പോൾ മുന്നറിയിപ്പ് നൽകുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതായി ഇന്ത്യൻ സൈന്യവും വ്യക്തമാക്കിയിരുന്നു. മോസ്കോയിൽ വിദേശകാര്യമന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ, അതിർത്തിയിൽ വലിയ തോതിൽ സൈന്യത്തെ വിന്യസിച്ചതിന് കൃത്യമായ വിശദീകരണം നൽകാൻ ചൈനയ്ക്കു കഴിഞ്ഞിരുന്നില്ല.
മുന്നറിയിപ്പായി ആകാശത്തേക്കാണ് വെടിവച്ചതെങ്കിലും സ്ഥിതിഗതികൾ അങ്ങേയറ്റം വഷളായതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടത്.