delhi-riot

ന്യൂഡൽഹി: കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഡൽഹി കലാപക്കേസിൽ 15 പേരെ പ്രതിചേർത്ത് 17,500 പേജ്​ കുറ്റപത്രം ഡൽഹി പൊലീസ് സ്‌പെഷൽ സെല്ല് കർകർഡോമ കോടതിയിൽ സമർപ്പിച്ചു.

സ്റ്റീൽപ്പെട്ടിയിൽ അടച്ച് കോടതിൽ ഹാജരാക്കിയ കുറ്റപത്രത്തിലെ 2,692 പേജുകളിലും പ്രതികൾക്കെതിരായ കുറ്റങ്ങളാണ്.

53 പേർകൊല്ലപ്പെടുകയും നൂറു കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത കലാപം ആസൂത്രണം ചെയ്തുവെന്ന കുറ്റമാണ് നഡാഷ നർവാൾ, ഇസ്രത്ത് ജഹാൻ തുടങ്ങിയ 15 പ്രതികളുടെ മേൽ ചുമത്തിയിട്ടുള്ളത്. കേസിൽ ഇതുവരെ 21 പേർ അറസ്റ്റിലായി. ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവരുടെ പേരുകൾ കുറ്റപത്രത്തിലില്ലെന്നാണ് വിവരം. ഇനി സമർപ്പിക്കാനിരിക്കുന്ന സപ്ലിമെന്ററി കുറ്റപത്രത്തിൽ ബാക്കി ആറ് പേരുടെ പേരുകൾ കൂട്ടിച്ചേർക്കുമെന്നാണ് സൂചന.

വിവാദ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം പിന്നീട് വർഗീയ കലാപമായി മാറുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 751 കേസുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.