ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരായി തങ്ങളെ കൂടി പരിഗണിക്കാൻ കൊളീജിയത്തിന് നിർദ്ദേശം നൽകണമെന്ന ആവശ്യവുമായി യു.പിയിലെ ഏഴ് ജുഡീഷ്യൽ ഓഫിസർമാർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജിയിൽ അലഹബാദ് ഹൈക്കോടതി സെക്രട്ടറി ജനറലിനും നിയമ വകുപ്പിനും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉൾപ്പെട്ട ബെഞ്ച് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് കോടതി അറിയിച്ചു.
ഹൈക്കോടതി കൊളീജിയം തങ്ങളുടെ പേരുകൾ ശുപാർശ ചെയ്തിരുന്നെന്നും എന്നാൽ, ആഗസ്റ്റ് 14 ലെ സുപ്രീം കോടതി കൊളീജിയം ശുപാർശയിൽ തങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്.
ജില്ലാ ജഡ്ജിയായ സുഭാഷ് ചന്ദിനെ മാത്രമേ ജഡ്ജിയായി നിയമിച്ചുള്ളു. സുഭാഷ് ചന്ദിന്റെ അതേ ബാച്ചിലെ ജഡ്ജിമാരാണ് തങ്ങളെന്നും തങ്ങളുടെ പേരുകൾ ഉൾപ്പെടാതെ പോയത് നീതിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു ആവശ്യം സുപ്രിംകോടതിയുടെ മുന്നിൽ വരുന്നത് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ആദ്യമാണെന്ന് കോടതി നിരീക്ഷിച്ചു. 'ഇത് വളരെ പുതിയൊരു കാര്യമാണ്. ജഡ്ജിമാർ കോടതിയിൽ വന്ന് തങ്ങളെ ജഡ്ജിമാരായി നിയമിക്കണമെന്ന് പറഞ്ഞതായി അറിവില്ല. ഇതത്ര ശരിയായി തോന്നുന്നില്ല' ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.