harsimrath-kaur-badal

ന്യൂഡൽഹി: പഞ്ചാബിലും ഹരിയാനയിലും അടക്കം കർഷക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് എൻ.ഡി.എ സംഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചത് മോദി സർക്കാരിന് തിരിച്ചടിയായി.

ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലി​റ്റേഷൻ), ദി ഫാർമേഴ്‌സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്‌ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് എന്നീ ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനൊപ്പമാണ് അകാലിദളും സർക്കാരിനെതിരെ തിരിഞ്ഞത്.

കൗറിന്റെ ഭർത്താവും പാർട്ടി അദ്ധ്യക്ഷനുമായ സുഖ്ബീർ ബാദൽ ബില്ലിന്റെ ചർച്ചയ്‌ക്കിടെ ലോക്‌സഭയിലാണ് മന്ത്രിയുടെ രാജി പ്രഖ്യാപിച്ചത്. നേരത്തെ പഞ്ചാബ് കോൺഗ്രസ് എം.പിമാർ ബില്ലിന്റെ പകർപ്പ് കത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം സഭ പാസാക്കിയ അവശ്യ സാധന ഭേദഗതി നിയമ ബില്ലിനെതിരെയും അകാലിദൾ വോട്ടു ചെയ്‌തിരുന്നു.

ഓർഡിനൻസുകൾ ഇവ

1. കാർഷിക ഉത്പന്ന വിപണനം,

വാണിജ്യ പ്രോത്സാഹനം

 ഒരു രാജ്യം, ഒരു കാർഷിക മാർക്കറ്റ്. കർഷകർക്ക് നല്ല വിലയുറപ്പാക്കും. വിപണന സമിതികളിലെ ലൈസൻസികൾക്ക് മാത്രമേ ഉത്പന്നങ്ങൾ വിൽക്കാവൂ എന്ന നിബന്ധനയിൽ ഇളവ്

ഉത്പന്നങ്ങളുടെ ലഭ്യതയും വിലയും ഉറപ്പാക്കി കർഷകന് വിപണി തിരഞ്ഞെടുക്കാം

അന്തർ സംസ്ഥാന കടത്ത് സുഗമമാക്കൽ, ഇ ട്രേഡിംഗ്

കാർഷിക ഉത്പന്നങ്ങളുടെ വിലയും ഗുണവും ഉറപ്പാക്കും

സെസ്,​ ലെവി ഈടാക്കില്ല

2. കാർഷിക ശാക്തീകരണം

 വിത്ത് വിതയ്ക്കുമ്പോൾ വിളകളുടെ വില നിർണയിക്കും. ഉത്പാദകർ, സംഭരിക്കുന്നവർ, ചില്ലറ വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരുമായി കർഷകർക്ക് നേരിട്ട് ഇടപാട്.

ആശങ്കകൾ:

വൻ കോർപറേറ്റുകളുടെ കരാർ കൃഷിക്ക് അനുകൂലമെന്ന്. ഇടത്തരം കൃഷിക്കാർക്ക് തിരിച്ചടി. കർഷകരുടെ ഉത്പന്നങ്ങൾ കോർപറേ​റ്റ് താത്പര്യം നോക്കി വിൽക്കണം. സർക്കാരിന് വിപണി പങ്കാളിത്തം നഷ്ടമാവും. അത് കർഷകർക്ക് ദോഷം.

എൻ.കെ. പ്രേമചന്ദ്രൻ എം. പി:

ബില്ലുകൾ കാർഷിക മേഖലയുടെ കോർപറേ​റ്റ് വത്കരണത്തിന് വഴിയൊരുക്കും. കരാർ കൃഷി വ്യാപകമാകുമ്പോൾ ഇടത്തരം കൃഷിക്കാർ തുടച്ചുമാ​റ്റപ്പെടും. കർഷകർ സ്വന്തം കൃഷിയിടത്തിലെ കൂലിപ്പണിക്കാരാവും. നിയമങ്ങൾ പാർലമെന്റ് കമ്മി​റ്റി പരിശോധിക്കണം.

എം.കെ. രാഘവൻ:

ചിലരുടെ സാമ്പത്തിക ലാഭത്തിനായി കൃഷിയെ വാണിജ്യവത്കരിക്കുന്നു. കാർഷിക ഉദ്പാദനത്തിലെ സ്വയംപര്യാപ്തത തകർക്കും. ബില്ലുകൾ പരിഷ്കരിക്കണം.