ന്യൂഡൽഹി : സ്വകാര്യ ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ കമ്പനികൾക്ക് തന്നെ അനുമതി നൽകുമെന്ന് റെയിൽവേ ബോർഡ് സി.ഇ.ഒ. വി.കെ. യാദവ് അറിയിച്ചു.
അതേ റൂട്ടിൽ എ.സി ബസുകളും വിമാനങ്ങളും സർവീസ് നടത്തുന്നത് പരിഗണിച്ചാകണം നിരക്ക് നിർണയിക്കേണ്ടത്. ആൾസ്റ്റം എസ്.എ, ബോംബാർഡിയർ, ജി.എം.ആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. റെയിൽവേയിലെ സമ്പൂർണ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി 109 പ്രധാന റൂട്ടുകളിൽ 151 ജോഡി ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ആദ്യ ട്രെയിനുകൾ 2023 ഏപ്രിലിൽ ഓടും. 2025 മാർച്ചോടെ 109 റൂട്ടുകളിലും സ്വകാര്യ ട്രെയിനുകൾ കൊണ്ടുവരും.
പ്രധാന സ്റ്റേഷനുകളിൽ യൂസേഴ്സ് ഫീ
വിമാനത്താവളങ്ങളിലെ പോലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് നിരക്കിനൊപ്പം യൂസർ ഫീ ഈടാക്കുമെന്നും യാദവ് അറിയിച്ചു. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് യൂസർ ഫീ ഉപയോഗിക്കും. രാജ്യത്തെ 7,000 ത്തോളം സ്‌റ്റേഷനുകളിൽ ആയിരത്തോളം സ്‌റ്റേഷനുകളിൽ മാത്രമാവും യൂസർ ഫീ ഈടാക്കുക. ചെറിയ തുകയായിരിക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി.