ഖേദം പ്രകടിപ്പിച്ച് അനുരാഗ് താക്കൂർ
ന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ടിനെതിരായ പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയവെ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നെഹ്‌റു കുടുംബം ദുരുപയോഗം ചെയ്തുവെന്ന കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് താക്കൂറിന്റെ ആരോപണത്തിൽ ലോക്‌സഭയിൽ ബഹളം. സഭ നാലുതവണ നിറുത്തിവച്ചു.
പ്രതിഷേധിച്ച് കോൺഗ്രസ് എം.പിമാർ വാക്കൗട്ട് നടത്തി. സഭ വീണ്ടും ചേർന്നപ്പോൾ, ആരെയും മനഃപൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അനുരാഗ് താക്കൂർ ഖേദം പ്രകടിപ്പിച്ചു. കർശന കൊവിഡ് നിയന്ത്രണങ്ങളോടെയുള്ള മൺസൂൺ സമ്മേളനത്തിൽ ഇതാദ്യമായാണ സഭ തടസപ്പെടുന്നത്.
പി.എം. കെയേഴ്സ് ഫണ്ടിന് സുതാര്യതയില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ജനങ്ങൾക്ക് വേണ്ടിയുള്ള പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ് പി.എം. കെയേഴ്സെന്നായിരുന്നു അനുരാഗ് താക്കൂറിന്റെ മറുപടി. 'ഹൈക്കോടതി മുതൽ സുപ്രീംകോടതിവരെ ഇത് ശരിവച്ചിട്ടുണ്ട്.
നിങ്ങൾ ട്രസ്റ്റ് രൂപീകരിച്ചത് ഗാന്ധികുടുംബത്തിന് വേണ്ടിയാണ്. ഒരു രാജഭരണ ഉത്തരവ് പോലെയാണ് നെഹ്റു 1948ൽ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി രൂപീകരിക്കാൻ ഉത്തരവിട്ടത്. അന്നു മുതൽ ഇന്നുവരെ അത് രജിസ്റ്റർ ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് എഫ്.സി.ആർ.എ അനുമതി ലഭിച്ചത്. നെഹ്‌റുവും സോണിയ ഗാന്ധിയും പ്രധാനമന്ത്രി ദുരിതാശ്വാസനിധിയിലെ അംഗങ്ങളായിരുന്നു. അതേക്കുറിച്ചും ചർച്ചവേണം."- അനുരാഗ് താക്കൂർ പറഞ്ഞു.
ഇതോടെ കോൺഗ്രസ് എം.പിമാർ പ്രതിഷേധമുയർത്തി. 'ഏതാ ഈ കുട്ടി"യെന്നായിരുന്നു അനുരാഗ് താക്കൂറിനെതിരെയുള്ള കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പരിഹാസം. ഈ ചർച്ചയിൽ എങ്ങനെയാണ് നെഹ്റു കടന്നുവരുന്നത്. മോദിയുടെ പേര് ഞങ്ങൾ ഉന്നയിച്ചോയെന്നും അദ്ദേഹം ചോദിച്ചു. ചൈനീസ് കമ്പനികളിൽ നിന്ന് പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും അതും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ മുദ്രാവാക്യം മുഴക്കി. ഭരണപക്ഷവും രംഗത്തെത്തിയതോടെ സഭയിൽ ബഹളമായി. തുടർന്ന് കോൺഗ്രസ് വാക്കൗട്ട് നടത്തി. മാസ്‌ക് മാറ്റി, സുരക്ഷ അപകടത്തിലാക്കിയാൽ അംഗങ്ങളെ സസ്‌പെൻഡ് ചെയ്യുമെന്ന് സ്പീക്കർ ഓം ബിർള മുന്നറിയിപ്പ് നൽകി.