ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക് സഭയിൽ അവതരിപ്പിച്ച വിവാദ കർഷക ബില്ലുകൾക്കെതിരെ അഖിലേന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി സെപ്തംബർ 25ന് രാജ്യവ്യാപകമായി ബന്തും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും. ഓരോ സംസ്ഥാനത്തെയും സാഹചര്യമനുസരിച്ച് ട്രെയിൻ തടയൽ, റോഡ് ഉപരോധം, ഗ്രാമീണബന്ത് എന്നിവ സംഘടിപ്പിക്കും. കർഷകരെ കൊവിഡ് കാലത്തും മോദി സർക്കാർ വഞ്ചിച്ചുവെന്നും കോർപറേറ്റുകൾക്കുവേണ്ടി മാത്രമാണ് ബി.ജെ.പി ഭരണമെന്നും കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കമ്മിറ്റി കൺവീനർ വി.എം സിംഗ്, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ ഹനൻ മൊള്ള, അതുൽകുമാർ അൻജൻ, ആശിഷ് മിത്തൽ, പി.കൃഷ്ണപ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.