കൊച്ചി കപ്പൽശാലയും നാവിക ആസ്ഥാനവും ഉന്നമിട്ടു
ന്യൂഡൽഹി, മുംബയ്, ബംഗളൂരു നഗരങ്ങളും ലക്ഷ്യം
ന്യൂഡൽഹി / എറണാകുളം: കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തും കപ്പൽശാലയിലും ന്യൂഡൽഹി, മുംബയ്, ബംഗളൂരു നഗരങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒൻപത് അൽ ക്വ ഇദ പ്രവർത്തകരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്‌റ്റ് ചെയ്‌തു. പാകിസ്ഥാന്റെ പിന്തുണയോടെ മാരകമായ ആക്രമണമാണ് ഇവർ ലക്ഷ്യമിട്ടത്.
എറണാകുളത്തും പശ്‌ചിമ ബംഗാളിലെ മുർഷിദാബാദിലും ഇന്നലെ പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇവർ കുടുങ്ങിയത്. എറണാകുളത്ത് മൂന്നു പേരും ബംഗാളിൽ 6 പേരും പിടിയിലായി. 12 നഗരങ്ങളിൽ ഇന്നലെ ഒരുമിച്ച് റെയ്‌ഡ് നടത്തുകയായിരുന്നു.
ബംഗാൾ സ്വദേശികളായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊസാറഫ് ഹസൻ എന്നിവരാണ് എറണാകുളത്ത് അറസ്റ്റിലായത്. അന്യസംസ്ഥാന തൊഴിലാളികളായി കഴിയുകയായിരുന്നു ഇവർ. ഇന്നലെ വൈകിട്ട് മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി. ഇന്ന് വൈകിട്ട് 4ന് വിമാനത്തിൽ ഡൽഹിക്ക് കൊണ്ടുപോകും.
അൽ ക്വ ഇദയുടെ അന്തർ സംസ്ഥാന മൊഡ്യൂളിന്റെ തലവനെന്ന് കരുതുന്ന അബു സൂഫിയാൻ ഉൾപ്പെടെയാണ് ബംഗാളിൽ പിടിയിലായത്. നജ്‌മൂസ് സാക്കിബ്, മൈനുൾ മണ്ടൽ, ലിയു യാൻ അഹമ്മദ്, അൽ മാമുൻ കമാൽ, അതിതുർ റഹ്‌മാൻ എന്നിവരാണ് മറ്റുള്ളവർ.
അബു സുഫിയാൻ പ്രാദേശികമായി പണം ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് എൻ.ഐ.എ അറിയിച്ചു. ചിലർ ആയുധങ്ങളും സ്ഫോടക വസ്‌തുകളും മറ്റും ശേഖരിക്കാൻ ഡൽഹിയിൽ പോകാനിരിക്കുകയായിരുന്നു. കാശ്‌മീരിലേക്കും യാത്രയ്‌ക്ക് പദ്ധതിയിട്ടിരുന്നു.
പാകിസ്ഥാനിലെ അൽ ക്വ ഇദ ഭീകരർ സമൂഹമാദ്ധ്യമങ്ങൾ വഴി ജിഹാദി ആശയങ്ങൾ പ്രചരിപ്പിച്ച് ഇവരെ വലയിൽ വീഴ്‌ത്തുകയായിരുന്നു.
ഇന്റലിജൻസ് വിവരം, പിന്നാലെ കേസ്, അറസ്റ്റ്
കേരളത്തിൽ ഭീകര സാന്നിദ്ധ്യമുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രം കഴിഞ്ഞ ദിവസം ഇക്കാര്യം പാലമെന്റിൽ സ്ഥിരീകരിക്കുകയും ചെയ്‌തു. അതിന് പിന്നാലെയാണ് ആശങ്കയുണർത്തുന്ന അറസ്റ്റ്. പാക് സഹായമുള്ള അൽ ക്വ ഇദ മൊഡ്യൂളുകൾ കേരളത്തിലും ബംഗാളിലും ഉണ്ടെന്നും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായും എൻ. ഐ.എക്ക് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നു. സെപ്‌തംബർ 11ന് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി.
പ്രതികളിൽ നിന്ന് പിടികൂടിയവ
ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ
ജിഹാദി പുസ്‌തകങ്ങൾ
നാടൻ തോക്ക്, മൂർച്ചയുള്ള ആയുധങ്ങൾ
പ്രാദേശിക നിർമ്മിത സുരക്ഷാകവചങ്ങൾ
സ്‌ഫോടകവസ്തു നിർമ്മാണം വിവരിക്കുന്ന ലേഖനങ്ങൾ
പടക്കങ്ങൾ,സ്വിച്ചുകൾ,ബാറ്ററികൾ
എറണാകുളത്ത് അറസ്റ്റിലായവർ
1. മുർഷിദ് ഹസൻ
പാതാളം പാലത്തിന് സമീപം അന്യസംസ്ഥാന തൊഴിലാളികളുടെ വാടകവീട്ടിൽ നിന്നാണ് പിടിയിലായത്. രണ്ടുമാസം മുമ്പാണ് മുർഷിദ് ഇവിടെ എത്തിയത്. എടയാറിലെ കമ്പനികളിൽ ജോലി ചെയ്തു. സ്ഥിരമായി ജോലിക്ക് പോകാറില്ല. കൂടുതൽ സമയവും ലാപ്പ്ടോപ്പിന് മുന്നിലായിരുന്നു.
2. യാക്കൂബ് ബിശ്വാസ്
പെരുമ്പാവൂർ വെങ്ങോല കണ്ടത്തറയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നാണ് പിടിയിലായത്. രണ്ടുമാസം മുമ്പാണ് അടിമാലിയിലെ ജോലിസ്ഥലത്തുനിന്ന് വെങ്ങോലയിൽ എത്തിയത്. ഹോട്ടലിൽ പൊറോട്ട മേക്കറാണ്.
3.മൊസാറഫ് ഹസൻ
പത്തുവർഷം മുമ്പ് പെരുമ്പാവൂർ മുടിക്കലെത്തി. തുണിക്കടയിൽ സെയിൽസ്‌മാൻ. ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം വാടകവീട്ടിൽ. മക്കൾ മുടിക്കലുള്ള സ്കൂളിലാണ്. നന്നായി മലയാളം സംസാരിക്കും.
ഭീകരൻ യാക്കൂബ് അടിമാലി ഹോട്ടലിൽ ചപ്പാത്തി മേക്കർ
അടിമാലി: കൊച്ചിയിൽ പിടിയിലായ ഭീകരന്മാരിലൊരാളായ യാക്കൂബ് ബിശ്വാസ് ഇടുക്കി അടിമാലിയിലെ ഹോട്ടലിൽ ചപ്പാത്തിയുണ്ടാക്കുന്നയാളായിരുന്നു. അടിമാലിക്ക് സമീപം 200 ഏക്കർ അമ്പലപ്പടിയിൽ പ്രവർത്തിച്ചിരുന്ന ചെറിയ ഹോട്ടലിലാണ് ഇയാൾ ഏഴ് മാസത്തോളം ജോലി ചെയ്തത്. ആദ്യം പെരുമ്പാവൂർ സ്വദേശിയും പിന്നീട് പ്രദേശവാസിയും നടത്തിയ ഹോട്ടൽ ലോക്ക് ഡൗൺ സമയത്താണ് നിറുത്തിയത്. അതുവരെ യാക്കൂബ് ഇവിടെ ജോലി ചെയ്തിരുന്നു. നാട്ടുകാരുമായി ഉറ്റ ചങ്ങാത്തത്തിലായിരുന്നു ഇയാൾ. മലയാളം നന്നായി സംസാരിക്കുമെന്ന് സമീപത്ത് പലചരക്ക് കച്ചവടം നടത്തുന്ന അരുൺ പറയുന്നു. പിടിയിലായ ഭീകരരുടെ ചിത്രം ഇന്നലെ പുറത്തു വന്നപ്പോൾ തന്നെ പ്രദേശവാസികൾ യാക്കൂബിനെ തിരിച്ചറിഞ്ഞു. മാസങ്ങളോളം തങ്ങൾ ഒരു ഭീകരനോടൊപ്പം ഇടപ്പെട്ടതറിഞ്ഞ ഞെട്ടലിലാണിവർ. ഇയാൾ ഇടുക്കിയിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നോയെന്ന് അന്വേഷിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കറുപ്പുസാമി പറഞ്ഞു.