ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടെ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാൽ പ്രതിഷേധിച്ച് പിഞ്ചുകുഞ്ഞുങ്ങളെ ഓഫീസ് മേധാവിയുടെ വീട്ടിന് മുന്നിൽ ഉപേക്ഷിച്ച് യുവാവ്. ഡൽഹിയിലാണ് സംഭവം.
ഒരുവയസും ആറുമാസവും പ്രായമുള്ള രണ്ട് ആൺകുട്ടികൾ റോഡരികിലിരുന്ന് കരയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ദേശീയതലസ്ഥാനത്തെ ഒരു സഹകരണ സൊസൈറ്റിയിലെ ക്ലർക്കായ 35 കാരനാണ് മൂന്നുമാസമായി ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ കഴിഞ്ഞദിവസം ഈ കടുംകൈ ചെയ്തത്.
ശമ്പളം ആവശ്യപ്പെട്ട് നിരന്തരം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ യുവാവ് കയറിയിറങ്ങി. എന്നാൽ പണം ലഭിച്ചില്ല. കഴിഞ്ഞദിവസം ഓഫീസിലെത്തിയെങ്കിലും അഡ്മിനിസ്ട്രേറ്ററെ കാണാൻ കഴിഞ്ഞില്ല. തുടർന്നാണ് കുട്ടികളെ മേലധികാരി തന്നെ നോക്കട്ടെയെന്ന് പറഞ്ഞ് വീട്ടിന് മുന്നിൽ ഇരുത്തി യുവാവ് പോയത്.
വൈകിട്ടോടെയാണ് സിവിൽ ലൈനിൽ രണ്ടു കുട്ടികളെ കണ്ടെത്തിയതായി ഫോൺകോൾ ലഭിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഉടൻ കുട്ടികളെ സ്റ്റേഷനിലെത്തിച്ചു. വനിതാ കോൺസ്റ്റബിൾമാർ അവർക്ക് ഭക്ഷണം നൽകി. തുടർന്ന് മാതാപിതാക്കളെ കണ്ടെത്തി കുട്ടികളെ ഗോകുൽപുരിയിലെ വീട്ടിലെത്തിക്കുകയായിരുന്നു.
'കുട്ടികൾക്ക് പാലു വാങ്ങാൻപോലും പണമില്ല. അതിനാൽ അഡ്മിനിസ്ട്രേറ്ററുടെ വീടിന് മുന്നിൽ ഇരുത്തി പോവുകയായിരുന്നു. കുട്ടികൾ എങ്ങനെയാണ് റോഡിലെത്തിയതെന്ന് അറിയില്ല.'- യുവാവ് പറഞ്ഞു.