parliament

ന്യൂഡൽഹി: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചേക്കും. ഓർ‌ഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളെല്ലാം പാസാക്കി അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോടെ പാർലമെന്റ് പിരിയാനാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ട്. അന്തിമ തീരുമാനം പാർലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റിയെടുക്കും. ഇന്നലെ ചേർന്ന യോഗത്തിൽ സമ്മേളനം വെട്ടിച്ചുരുക്കാൻ പാർട്ടികൾ തമ്മിൽ ധാരണയിലെത്തി.

സമ്മേളനം നടക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ 25 എം.പിമാർക്ക് രോഗബാധ കണ്ടെത്തി. അന്ന് നെഗറ്റീവായ എം.പിമാരിൽ സമ്മേളനത്തിൽ പങ്കെടുത്ത കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ എന്നിവർക്കും രാജ്യസഭാ എം.പി വിനയ് സഹസ്രബുദ്ധയ്ക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. തൃണമൂൽ, എൻ.സി.പി, ഡി.എം.കെ പാർട്ടികൾ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ മാസ്‌ക് ധരിക്കാനും, സുരക്ഷിത അകലം, ശുചിത്വം എന്നിവ പാലിക്കാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അംഗങ്ങളോട് രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യനായിഡു അഭ്യർത്ഥിച്ചു. മാസ്‌ക് ധരിക്കുന്നതാണ് മികച്ച സുരക്ഷാമാർഗമെന്നും അദ്ദേഹം പറഞ്ഞു.