ന്യൂഡൽഹി: എൻ.ഡി.എ സഖ്യകക്ഷി അകാലിദൾ മന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കാനിടയാക്കിയ
വിവാദമായ കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷ എതിർപ്പിനിടെ ലോക്‌സഭയിൽ ബിൽ പാസായിരുന്നു. ഭൂരിപക്ഷം കുറവുള്ള രാജ്യസഭയിൽ ഏതുവിധേനെയും ബിൽ പാസാക്കാനാണ് സർക്കാർ നീക്കം. പ്രതിപക്ഷത്തു നിന്ന് പതിവായി സർക്കാരിനെ സഹായിക്കാറുള്ള ടി.ആർ.എസും ബി.ജെ.ഡിയും ബില്ലിനെ എതിർക്കുന്നത് തലവേദനയാണ്. എങ്കിലും കോൺഗ്രസ് അംഗങ്ങൾ അടക്കമുള്ള പ്രതിപക്ഷ എം.പിമാർ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പ്രയോജനപ്പെടുത്താനായി ബി.ജെ.പി, അംഗങ്ങൾക്ക് ബിൽ ചർച്ചയിൽ ഹാജരാകാൻ വിപ്പ് നൽകിയിട്ടുണ്ട്.
പഞ്ചാബിലും ഹരിയാനയിലും അടക്കം കർഷക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ ഓർഡിനൻസുകൾക്ക് പകരമുള്ള ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ), ദി ഫാർമേഴ്‌സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്‌ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് എന്നീ ബില്ലുകളാണ് പാർലമെന്റിലുള്ളത്.