ന്യൂഡൽഹി: ആദായ നികുതി വകുപ്പിൽ ഉദ്യോഗസ്ഥരും നികുതി ദായകരും നേരിട്ട് ഇടപഴകുന്നത് ഒഴിവാക്കുന്ന 'മുഖമില്ലാ' പരിഷ്‌കാരങ്ങളും കൊവിഡ് കാലത്തെ നികുതി ഇളവുകളും ജി.എസ്.ടി ഭേദഗതികളും നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി.
പി.എം കെയേഴ്സ് ഫണ്ട് സംബന്ധിച്ച വിവാദങ്ങളാണ് ബില്ലിന്റെ ചർച്ചയിൽ കൂടുതലും നടന്നത്. സി.എ.ജി യുടെ ഓഡിറ്റിന് വിധേയമല്ലാത്ത ഫണ്ട് സുതാര്യമല്ലെന്ന് പ്രതിപക്ഷം ആവർത്തിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സ്വകാര്യ ട്രസ്‌റ്റുകൾക്ക് അടക്കം ഫണ്ടു നൽകാൻ വകുപ്പുള്ളപ്പോൾ പി.എം കെയേഴ്സ് ഫണ്ട് കർശനമായ വ്യവസ്ഥകളോടെയാണ് പ്രവർത്തിക്കുന്നതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ മറുപടി നൽകി. കോൺഗ്രസ് അദ്ധ്യക്ഷ അടക്കം പ്രതിപക്ഷത്തുള്ളവരും ട്രസ്‌റ്റിൽ അംഗങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ജി.എസ്.ടി നിയമത്തിലെ നിർദ്ദിഷ്ട ഭേദഗതി സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും അർഹതമായ നഷ്ടപരിഹാരം ഒഴിവാക്കാൻ കേന്ദ്രത്തിന് അധികാരം ലഭിക്കുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി.