ന്യൂഡൽഹി: ആൺകുഞ്ഞുണ്ടാകാൻ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഒരു മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 25 വയസുളള സരിതയാണ് പൊലീസ് പിടിയിലായത്. വെളളം നിറച്ച ഡ്രമ്മിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
14 മാസം മുമ്പായിരുന്നു സരിതയുടെ വിവാഹം. കഴിഞ്ഞമാസം പെൺകുഞ്ഞ് പിറന്നു. ആൺകുട്ടിയെയാണ് സരിത ആഗ്രഹിച്ചിരുന്നത്. കുട്ടി ജനിച്ചത് മുതൽ ഇവർ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സംഭവദിവസം വീട്ടിൽ കുഞ്ഞും അമ്മയും മാത്രമേ ഉണ്ടായിരുന്നുളളൂ. രാവിലെ 11.30ഓടെ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് സരിത വീടിന് പുറത്ത് ഇറങ്ങി ബഹളം വച്ചു. ഭർത്താവ് സച്ചിൻ മേവാട ഈ സമയത്ത് കൃഷിയിടത്തിൽ ആയിരുന്നു.
കുഞ്ഞിനെ ഏതെങ്കിലും മൃഗം കടിച്ചു കൊണ്ടുപോയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടുപിടിക്കാൻ പൊലീസ് എല്ലായിടത്തും പരിശോധന നടത്തി. ഒടുവിൽ കുഞ്ഞിന്റെ മൃതദേഹം മുങ്ങിമരിച്ച നിലയിൽ ഡ്രമിൽ കണ്ടെത്തുകയായിരുന്നു.
സരിതയുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്. മന്ത്രവാദി യുവതിയെ ചികിത്സിച്ചിരുന്നതായും അയാളുടെ സ്വാധീനഫലമായാണ് ഇവർ ക്രൂരകൃത്യം ചെയ്തതെന്നുമാണ് പൊലീസിന്റെ നിഗമനം.