india-pak-issue

ന്യൂഡൽഹി:കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ അരിശം കൊണ്ട് ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയെ കഴിഞ്ഞ വർഷം പുറത്താക്കിയ പാകിസ്ഥാൻ,​ നിയുക്ത ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് വിസ നിഷേധിച്ചത്. പരസ്‌പര ബന്ധം കൂടുതൽ വഷളാകാൻ കളമൊരുക്കി.

ഇസ്ളാമബാദിലേക്ക് പുതുതായി നിയമിച്ച ഇന്ത്യൻ നയതന്ത്രജ്ഞൻ ജയന്ത് ഖോബ്രഗഡെയ്‌ക്കാണ് പാകിസ്ഥാൻ വിസ നിഷേധിച്ചതിനെ തുടർന്ന് യാത്ര മാറ്റി വയ്ക്കേണ്ടി വന്നത്. ഇതിന് പാകിസ്ഥാൻ കനത്ത നടപടി നേരിടേണ്ടിവരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

2019 ആഗസ്റ്റ് 5നാണ് കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയത്. പിറ്റേന്ന് തന്നെ പാകിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മിഷണറെ പുറത്താക്കുകയും നയതന്ത്ര ബന്ധങ്ങൾ വെട്ടിച്ചുരുക്കുകയുമായിരുന്നു. ഇന്ത്യൻ ഹൈക്കമ്മിഷനിലെ പകുതി അംഗങ്ങളെ പിൻവലിക്കാനും ആവശ്യപ്പെട്ടിരുന്നു. അതിന്‌ മറുപടിയായി ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ പകുതി പേരോട് മടങ്ങാൻ ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഇടപാടുകൾ നാമമാത്രമായിരുന്നു.

ജയന്ത് ഖോബ്രഗഡെയെ ഇസ്ലാമാബാദിൽ അംബാസഡറുടെ താത്കാലിക ചുമതല( ഷാ‍ർഷ് ഡി അഫയേഴ്സ് )​ നൽകാൻ ജൂണിലാണ് ഇന്ത്യ തീരുമാനിച്ചത്. എന്നാൽ അംഗബലം കുറഞ്ഞ ഇന്ത്യൻ എംബസിയെ നയിക്കാൻ ജയന്ത് ഖോബ്രഗഡെയെ പോലെ സീനിയറായ ഒരാളിന്റെ ആവശ്യമില്ലെന്നാണ് പാകിസ്ഥാന്റെ ധാർഷ്ട്യം നിറഞ്ഞ നിലപാട്. ഖോബ്രഗഡെയുടെ കാര്യശേഷിയും സീനിയോറിറ്റിയും നയതന്ത്ര പ്രശ്നങ്ങളിൽ ഇന്ത്യയ്ക്ക് അനുകൂല നിലപാടുണ്ടാകാൻ കാരണമായേക്കുമെന്ന് പാകിസ്ഥാൻ ഭയപ്പെടുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഹൈക്കമ്മിഷണർ ആരായിരിക്കണമെന്ന് പാകിസ്ഥാൻ കൽപ്പിക്കേണ്ടെന്ന് ഇന്ത്യ മറുപടി നൽകിയിട്ടുണ്ട്. മുമ്പ് പാകിസ്ഥാനിൽ പ്രവർത്തിച്ചിട്ടുള്ള ഖോബ്രഗഡെയ്‌ക്ക് വിസ നിഷേധിക്കുന്നത് അകാരണമാണെന്നും ഇന്ത്യ പ്രതികരിച്ചു.

25ന് യു.എൻ. ജനറൽ അസംബ്ലിയിൽ പാക് പ്രാധനമന്ത്രി ഇക്കാര്യം ഉന്നയിച്ചേക്കാം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്.

ജയന്ത് ഖോബ്രഗഡെ

 1995 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ

 2017 മുതൽ ആണവോർജ വകുപ്പിലെ ജോയിന്റ് സെക്രട്ടറി.

 റഷ്യ, സ്പെയിൻ, കസാക്ക്സ്ഥാൻ മിഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 2013 - 2017ൽ കി‌ർഗിസ്ഥാൻ അംബാസഡറായിരുന്നു.