ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയും പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തുകയും ചെയ്തെങ്കിലും വിവാദ കർഷക ബില്ലുകളിൽ രണ്ടെണ്ണം ശബ്ദവോട്ടോടെ രാജ്യസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പ് കൈയാങ്കളിവരെ എത്തുകയും
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഇടതുപക്ഷം അടക്കം ആവശ്യപ്പെടുകയും ചെയ്തെങ്കിലും സർക്കാർ വഴങ്ങിയില്ല.
കൃഷിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നും കോർപ്പറേറ്റുകളും കുത്തകകളും നിശ്ചയിക്കുന്ന പ്രകാരം കൃഷി ചെയ്ത് വിളകൾ അവർ പറയുന്ന വിലയ്ക്ക് നൽകേണ്ടിവരുമെന്നും കർഷകർ ഭയക്കുന്നു. ഇതാണ് എതിർപ്പിന്റെ അടിസ്ഥാന കാരണം. എന്നാൽ, പുതിയ നിയമപ്രകാരം കർഷകർക്ക് മെച്ചപ്പെട്ട വില കിട്ടുമെന്ന് സർക്കാർ പറയുന്നു.
വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് ദി ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ), ദി ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് എന്നീ ബില്ലുകൾ പാസാക്കിയത്. അവശ്യവസ്തു (ഭേദഗതി) ബിൽ ഇന്നലെ അവതരിപ്പിച്ചില്ല. മൂന്നു ബില്ലും നേരത്തേ ലോക്‌സഭ പാസാക്കിയിരുന്നു.
ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞും റൂൾ ബുക്ക് കീറിയെറിയാൻ ശ്രമിച്ചും ഡെപ്യൂട്ടി ചെയർമാന്റെ മൈക്ക് തകർത്തും അതിരൂക്ഷമായാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. അംഗങ്ങൾ വോട്ടിംഗ് ആവശ്യപ്പെട്ടാൽ അനുവദിക്കണമെന്ന ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിംഗിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.
കോൺഗ്രസ്, എസ്.പി, സി.പി.എം, സി.പി.ഐ, എൽ.ജെ.ഡി, തൃണമൂൽ, ഡി.എം.കെ, ആർ.ജെ.ഡി, മുസ്‌ലീം ലീഗ് , ബി.എസ്.പി, ആം ആദ്മി, ടി.ആർ.എസ്, എ.ഡി.എം.കെ, എൻ.ഡി.എ ഘടകക്ഷിയായ ശിരോമണി അകാലിദൾ തുടങ്ങിയ പാർട്ടികൾ ബില്ലിനെ എതിർത്തു. വൈ.എസ്.ആർ കോൺഗ്രസ് അനുകൂലിച്ചു.
സമയം നീട്ടി, സഭ കലങ്ങി
ന്യൂഡൽഹി: രാജ്യസഭയിൽ വിവാദ കർഷക ബില്ലുകൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷം, സമയം കഴിഞ്ഞതിനാൽ ബില്ല് പാസാക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭരണ പക്ഷം വഴങ്ങാതിരുന്നതാണ് രംഗം മോശമാക്കിയത്.
ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സഭ പിരിയേണ്ടിയിരുന്നത്. 12.50 ഓടെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിനെ മറുപടിക്കായി ഡെപ്യൂട്ടി ചെയർമാൻ ക്ഷണിച്ചു. ബില്ലുകൾ പാസാക്കാനായി സഭാ നടപടി തുടരുന്നതിനെ ഭരണപക്ഷം അംഗീകരിച്ചു. അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും,ഡെപ്യൂട്ടി ചെയർമാൻ തള്ളി.
ഇരുപക്ഷത്തിന്റെയും യോജിപ്പോടെയാണ് സഭ സമയം കഴിഞ്ഞും സമ്മേളിക്കാറുള്ളതെന്ന് ചൂണ്ടിക്കാട്ടി ,പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.ഗാലറിയിലിരുന്ന എം.പിമാർ ഉൾപ്പെടെ നടുത്തളത്തിലിറങ്ങി. ഇതിനിടെ, മന്ത്രി മറുപടി പൂർത്തിയാക്കി. പ്രതിഷേധങ്ങൾക്കിടെ രാജ്യസഭാ ടി.വിയിൽ ഓഡിയോ സംപ്രേഷണം നിറുത്തി. മാർഷൽമാർ കൂട്ടത്തോടെയെത്തി ഡെപ്യൂട്ടി ചെയർമാന് സംരക്ഷണമൊരുക്കി.തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ ഡെപ്യൂട്ടി ചെയർമാന് നേരെയെത്തി അദ്ദേഹത്തിന്റെ മേശമേലുള്ള റൂൾ ബുക്കെടുത്ത് ചില പേജുകൾ കീറിയെറിയാൻ ശ്രമിച്ചു. തുടർന്ന്,മാർഷൽമാരും പ്രതിപക്ഷാംഗങ്ങളുമായി ഉന്തും തള്ളുമായി. സി.പി.എമ്മിലെ കെ.കെ രാഗേഷ്, കോൺഗ്രസിലെ റിപുൻ ബോറ, ആം ആദ്മിയിലെ സഞ്ജയ് സിംഗ് എന്നിവർ നിലത്തുവീണതായി പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ ഭേദഗതികൾ തള്ളി
സഭ കുറച്ചുനേരത്തേക്ക് പിരിഞ്ഞശേഷം വീണ്ടും ചേർന്നപ്പോൾ ഭേദഗതികൾ പരിഗണിച്ചു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പ്രതിപക്ഷം കൊണ്ടുവന്ന 11 ഓളം ഭേദഗതികളും കെ.കെ രാഗേഷിന്റെ നിരാകരണ പ്രമേയവും സഭ ശബ്ദവോട്ടോടെ തള്ളി. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഇടതുപക്ഷത്തിന്റെയും ശിവസേനയുടെയും ശിരോമണി അകാലിദളിന്റെയും ബി.ജെ.ഡിയുടെയും ആവശ്യവും തള്ളി. ബില്ല് പാസാക്കാനായി എടുത്തപ്പോഴും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും തള്ളി. ബില്ല് ശബ്ദവോട്ടോടെ പാസാക്കി.
സഭ പിരിഞ്ഞിട്ടും മണിക്കൂറോളം സഭയിലിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചത് ലോക് സഭാ പ്രവർത്തനങ്ങളെയും ബാധിച്ചു. കൊവിഡ് സാഹചര്യമായതിനാൽ ഇരുസഭകളിലും ഗാലറിയിലുമാണ് എം.പിമാർ ഇരിക്കുന്നത്. ചെയർ എതിർത്തിട്ടും പ്രതിപക്ഷ എം.പിമാർ സഭയിലെ നിമിഷങ്ങൾ മൊബൈലുകളിൽ പകർത്തി.
കർഷക ബിൽ വഴിത്തിരിവ് : മോദി, കറുത്ത ദിനമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: രാജ്യസഭ പാസാക്കിയ രണ്ടു കർഷക ബില്ലുകൾ ഇന്ത്യൻ കാർഷിക ചരിത്രത്തിലെ വഴിത്തിരിവാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കർഷക വരുമാനം ഇരട്ടിയാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ,ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പ്രതികരിച്ചു.
കടുത്ത പ്രതിഷേധങ്ങൾക്കിടെ രണ്ടു കർഷക ബില്ലുകൾ പാസാക്കാനായത് കേന്ദ്രസർക്കാരിന് ആശ്വാസമായി. വിവാദമായ മൂന്നാമത്തെ ബില്ലായ അവശ്യ വസ്തു (ഭേദഗതി) ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. താങ്ങുവിലയെ ബാധിക്കുന്നതല്ല ബില്ലുകളെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ വിശദീകരിച്ചു. . രാജ്യത്തെവിടെയും ഉത്പന്നങ്ങൾ വിൽക്കാൻ കർഷകന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
. കർഷകരുടെ മരണ വാറണ്ടിൽ തങ്ങൾ ഒപ്പിടില്ലെന്ന് കോൺഗ്രസ് അംഗം പ്രതാപ് സിംഗ് ബജ്വയും ഇന്ത്യൻ കർഷകരുടെ മരണമണിയാണ് ബില്ലെന്ന് സി.പി.ഐ അംഗം ബിനോയ് വിശ്വവും ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ പറഞ്ഞത് കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണെങ്കിലും, കർഷക ആത്മഹത്യയാണ് ഇരട്ടിയായതെന്ന് സി.പി.എം അംഗം കെ.കെ രാഗേഷ് വിമർശിച്ചു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് എൽ.ജെ.ഡി അംഗം ശ്രേയാംസ്കുമാറും മുസ്‌ലീം ലീഗ് അംഗം അബ്ദുൾ വഹാബും ആവശ്യപ്പെട്ടു.
കർഷക ബിൽ: ഡൽഹി അതിർത്തിയിൽ സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി: കർഷക ബില്ലുകൾക്കെതിരെ ഹരിയാനയിലും പഞ്ചാബിലും കർഷക പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ ഡൽഹി അതിർത്തിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. മുൻകരുതൽ നടപടിയായി അശോക് നഗർ- ഗാസിപ്പൂർ മേഖലയിൽ രണ്ടു കമ്പനി സേനയെ വിന്യസിച്ചു. ഡൽഹി ഹരിയാന അതിർത്തിയിലും സുരക്ഷാ വിന്യാസം നടത്തി. രാവിലെ ഡൽഹിയിലേക്ക് ട്രാക്ടർ റാലി നടത്താനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചാബിലെ സിർക്കപൂരിൽ എത്തിയിരുന്നു.
കർഷക ബില്ലുകൾക്കെതിരെ 17 ഓളം കർഷക സംഘടനകളാണ് ഹരിയാനയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
കാർഷിക ബിൽ പാസാക്കിയത് ഏകപക്ഷീയമായി: ഇടത് എം.പിമാർ
ന്യൂഡൽഹി: സഭാചട്ടങ്ങളോടും ഭരണഘടനയോടുമുള്ള അവഹേളനമാണ് കാർഷികബില്ലിൽ കണ്ടതെന്ന് സി.പി.എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭാചട്ടങ്ങൾ ലംഘിച്ചും പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്തും ഏകാധിപത്യരീതിയിൽ അടിച്ചമർത്തി മുന്നോട്ടു പോവാനാണ് കേന്ദ്രസർക്കാർ ശ്രമം.
രാജ്യത്തെ കർഷകരുടെ വികാരമാണ് രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിൽ ഏകപക്ഷീയമായാണ് രാജ്യസഭയിൽ പാസാക്കിയതെന്ന് എം.വി.ശ്രേയാംസ്കുമാർ എം.പിയും കുറ്റപ്പെടുത്തി. എം.പിമാരായ ബിനോയ് വിശ്വം, കെ.കെ.രാഗേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പരിധി വിട്ട എം.പിമാർക്കെതിരെ നടപടി വന്നേക്കും
ന്യൂഡൽഹി: കർഷക ബില്ലിനെതിരായ രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ഡെപ്യൂട്ടി ചെയർമാൻറെ മൈക്ക് തകർക്കുകയും റൂൾബുക്ക് കീറിയെറിയുകയും ചെയ്ത എം.പിമാർക്കെതിരെ അച്ചടക്ക നടപടി വന്നേക്കും.
മാർഷൽമാരും എം.പിമാരും തമ്മിൽ ഉന്തുതള്ളുമുണ്ടായിരുന്നു. പരിധി വിട്ട് പെരുമാറിയ എം.പിമാർക്കെതിരെ സസ്പെൻഷൻ വന്നേക്കും.രാജ്യസഭ പിരിഞ്ഞശേഷം ചെയർമാൻ വെങ്കയ്യനായിഡുവിന്റെ വസതിയിൽ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിംഗ്, പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ എന്നിവർ യോഗം ചേർന്നു.
പ്രതിപക്ഷ നടപടി ലജ്ജാകരമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: കർഷക ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധം പാർലമെന്റിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രതിപക്ഷ പെരുമാറ്റം നിർഭാഗ്യകരവും ലജ്ജാകരവുമാണ്. ലോക്സഭയുടെയോ രാജ്യസഭയുടെയോ ചരിത്രത്തിൽ ഇത്തരമൊരു സംഭവം നടന്നതായി എന്റെ അറിവിലില്ല. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവിച്ചത് സഭയുടെ അന്തസിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.