gaya

ന്യൂഡൽഹി : കൂട്ടബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന യു.പി മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിക്ക് അനുവദിച്ച ഇടക്കാല ജാമ്യം സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ആരോഗ്യനില മോശമാണെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ സെപ്തംബർ 3ന് അലഹബാദ് ഹൈക്കോടതി അനുവദിച്ച രണ്ട് മാസത്തെ ഇടക്കാല ജാമ്യമാണ് സുപ്രീംകോടതി റദ്ദാക്കിയത്. യു.പിയിലെ നാഷണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസാദ് വർഷങ്ങളായി ചികിത്സയിലാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട മൂന്നംഗ സുപ്രീംകോടതി ബെഞ്ച് , ജാമ്യത്തിലിറങ്ങി ചികിത്സ നടത്തേണ്ട ആവശ്യം നിലവിൽ ഹർജിക്കാരനില്ലെന്നും അറിയിച്ചു. 28ന് കേസ് വീണ്ടും പരിഗണിക്കും.

ചിത്രകൂഡ് സ്വദേശിനിയെ പ്രസാദും കൂട്ടാളികളും ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇവരുടെ മകളായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. 2017 മാർച്ച് 15 മുതൽ ഇയാൾ ജയിലിലാണ്.ഇയാൾക്കെതിരെ ഖനന അഴിമതി കേസും നിലവിലുണ്ട്.