ന്യൂഡൽഹി: കർഷക ബില്ലുകൾ 21-ാം നൂറ്റാണ്ടിലെ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാർഷിക മേഖലയിലെ വികസനങ്ങൾ കണ്ട് നിയന്ത്രണം തെറ്റുന്നവരാണ് ബില്ലുകളെ എതിർക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ കർഷകരുടെ സാമ്പത്തികാവസ്ഥ മാറ്റിയെഴുതാനുള്ള 21-ാം നൂറ്റാണ്ടിന്റെ ബില്ലാണ് പാർലമെന്റിൽ പാസാക്കിയത്. നിലവിലെ മാർക്കറ്റ് സമ്പ്രദായത്തിന് ഒരു മാറ്റവും വരില്ല. അതേസമയം കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ആഗ്രഹിക്കുന്ന വിലയിൽ എവിടെയും വിൽക്കാൻ വഴി തുറക്കും. സ്വാമിനാഥൻ റിപ്പോർട്ടിൻമേൽ അടിയിരുന്നവരാണ് ഇപ്പോൾ ബില്ലിന്റെ പേരിൽ പ്രതിഷേധമുയർത്തുന്നത്. മോദി സർക്കാർ ആറുവർഷമായി നടപ്പാക്കുന്ന വികസനം കണ്ട പരിഭ്രമത്തിൽ അവർ കർഷകരെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വീഡിയോ കോൺഫറൻസ് വഴി ബിഹാറിലെ ദേശീയ പാതാ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.