strike

 സഞ്ചരിക്കാൻ എല്ലാവർക്കും അവകാശം

 പരിഗണിച്ചത് ഷഹീൻബാഗ് കേസ്

ന്യൂഡൽഹി: പ്രതിഷേധിക്കാനുള്ള പൗരാവകാശം സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുതെന്ന് സുപ്രീംകോടതി. ഒരു വിഭാഗം പ്രതിഷേധിക്കുമ്പോൾ അത് മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യവുമായി ചേർന്നു പോകണം. സഞ്ചരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് ഡൽഹി ഷഹീൻ ബാഗിൽ റോഡ് തടസപ്പെടുത്തി നടന്ന സമരത്തിനെതിരായ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് എസ്‌.കെ. കൗൾ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധേയ നിരീക്ഷണം.

ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഹർജി ഇന്നലെ കോടതി വീണ്ടും പരിഗണിച്ചത്. മാർച്ചിൽ നൽകിയ ഹർജിയിലെ ആവശ്യം കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് സമരം നിറുത്തിവച്ചതിനാൽ ഇപ്പോൾ പ്രസക്തമല്ലെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന സമരങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പഞ്ചാബിലും ഹരിയാനയിലും നടന്ന സമരങ്ങൾ ഇതിന് ഉദാഹരണം.

കോടതിയിലെ വാദം

 സമരക്കാരോട് കോടതി

നിലവിൽ സമരമില്ലാത്തതിനാൽ ഹർജി പിൻവലിക്കുന്നുണ്ടോ?

 സമരക്കാരുടെ അഭിഭാഷൻ മുഹമ്മദ് പ്രാച

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പരമമാണ്. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സമരം ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ട്

 കോടതി (ജസ്റ്റിസ് അനിരുദ്ധ ബോസ്)

പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ അത് സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കരുത്. എവിടെയാണ് സമരം എന്നതനുസരിച്ചാണ് പ്രശ്നങ്ങളുടെ വ്യാപ്തി. സന്തുലിതമായ നിലപാടാണ് വേണ്ടത്.

സോളിസിറ്റർ ജനറൽ

പ്രതിഷേധത്തിനും കൂടിച്ചേരലിനുമുള്ള അവകാശം നിയന്ത്രണങ്ങൾക്ക് വിധേയം. സമരം ചെയ്യാൻ ജന്തർ മന്ദർ പോലുള്ള സ്ഥലങ്ങളുണ്ട്. പൊതുവഴി തടസപ്പെടുത്തി സമരം ചെയ്യുന്നത് അനുവദിക്കാനാവില്ല

 കോടതി

സമരം അവസാനിപ്പിച്ചതിനാൽ സമരക്കാരെ നീക്കണമെന്ന ആവശ്യം കാലഹരണപ്പെട്ടു. എന്നാൽ ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് കേസിൽ ഉത്തരവ് പുറപ്പെടുവിക്കും. കേസ് വിധി പറയാൻ മാറ്റുന്നു.