ന്യൂഡൽഹി: യു.പിയിലെ അസംഗഡ് ജില്ലയിൽ പരിശീലക വിമാനം തകർന്നുവീണ് ട്രെയിനി പൈലറ്റ് മരിച്ചു. ഹരിയാനയിലെ പൽവാൽ സ്വദേശിയും ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിലെ വിദ്യാർത്ഥിയുമായ കൊണാർക്ക് സരൺ (21)നാണ് ഞായറാഴ്ച രാവിലെ 11ഓടെ സാരയ്മീർ പൊലീസ് സ്റ്റേഷന് കീഴിലെ കുഷ്വപുരവ ഗ്രാമത്തിൽ ചെറുവിമാനം വയലിൽ തകർന്ന് വീണതിനെത്തുടർന്ന് മരിച്ചത്.
അപകടത്തിൽപ്പെട്ട ടി..ബി.20 വിമാനത്തിൽ കൊണാർക്ക് മാത്രമേയുണ്ടായിരുന്നുള്ളൂ.ഇദ്ദേഹം സമർത്ഥനായ പൈലറ്റാണെന്നും മേഘങ്ങൾക്കിടയിൽപ്പെട്ട ദിശതെറ്റിയാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക നിഗമനമെന്നും അസംഗഡ് എസ്.പി സുധീർ കുമാർ പറഞ്ഞു. ഗ്രാമവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.