ജനം ഇഷ്ടപ്പെടുന്നതെന്തും ഇന്ത്യൻ രാഷ്‌ട്രീയത്തെയും രാഷ്‌ട്രീയക്കാരെയും സ്വാധീനിക്കും. സ്ഥിരം നേതാക്കൾക്ക് ജനപ്രീതി നഷ്‌ടമാകുമ്പോൾ രാഷ്‌ട്രീയ പാർട്ടികൾ സിനിമാക്കാരുടെ പിന്നാലെ പായുന്നതിന്റെ തിയറി അതാണ്. പേരിനും പ്രശസ്‌തിക്കുമൊപ്പം അലങ്കാരത്തിന് അധികാരവും കൂടി വേണമെന്ന് തോന്നുമ്പോഴും സാമൂഹ്യപ്രവർത്തകനായി നാട് നന്നാക്കാമെന്ന് തീരുമാനിച്ചും ചില സിനിമക്കാർ സ്വയം പാർട്ടിയുണ്ടാക്കി രാഷ്‌ട്രീയത്തിലിറങ്ങുന്നതും തിയറിയുടെ ഭാഗം.
കോളിവുഡിന്റെ നായികയായി വെള്ളിത്തിര വാണ ശേഷം തമിഴ്നാട് മുഖ്യമന്ത്രി പദമേറി ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അത്യുജ്ജ്വല താരമായി മാറിയ, അന്തരിച്ച ജയലളിതയുടെ ആത്മകഥ പറയുന്ന തലൈവി എന്നൊരു ചലച്ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യാൻ പദ്ധതിയിട്ട ചിത്രം കൊവിഡ് വ്യാപനം മൂലം ഷൂട്ടിംഗ് നിറുത്തിവച്ചിരിക്കുകയാണ്. പക്ഷേ ജയലളിത എന്ന തലൈവിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന കങ്കണാ റണൗട്ട് എന്ന നടി ചിത്രം പുറത്തിറങ്ങും മുൻപേ ശരിക്കും രാഷ്‌ട്രീയക്കാരിയാകുന്ന ലക്ഷണമുണ്ട്. ബോളിവുഡിന്റെ 'ക്യൂൻ' ആയി മാറിയ ഹിമാചലുകാരിയെ കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്‌ത് രാജ്യസഭയിലെത്തിക്കുന്ന ദിനം അധികം ദൂരെയല്ല.
പാർട്ടി മുഖപത്രത്തിലൂടെയും അല്ലാതെയും മറ്റുള്ളവരെ ശാസിക്കുന്നതല്ലാതെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് നേർക്കുനേർ നിന്ന് ഡയലോഗ് പറയാൻ പൊതുവെ ആരും ധൈര്യപ്പെടാറില്ല. ആ ഉദ്ധവ് താക്കറയെ 'നീ' എന്ന് ആവർത്തിച്ച് വിളിച്ച്, നല്ല 'ഭള്ള് ' പറഞ്ഞ കങ്കണയുടെ വീഡിയോ ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിലൊക്കെ വലിയ ചർച്ചയായി. പാർലമെന്റിലടക്കം എതിരാളികളെ വിരട്ടാനുള്ള മൂർച്ചയേറിയ ആയുധമാക്കി മാറ്റാനാകുമെന്നാണ് വിലയിരുത്തൽ.
ഇടയ്ക്ക് ഒന്നുപറയട്ടെ. കങ്കണയ്‌ക്ക് മുംബയ്‌ക്കാരുമായി ഉടക്കേണ്ടി വന്നതിന്റെ ഫ്ളാഷ് ബാക്ക് നോക്കിയോ. അതിലുമുണ്ട് പൊളിറ്റിക്‌സിന്റെ അന്തർധാര. ബീഹാറുകാരനായ, ഭാവിയുള്ള താരമായി ബോളിവുഡിൽ നിലയുറപ്പിച്ച് മുന്നേറുകയായിരുന്ന സുശാന്ത് സിംഗ് രാജ്‌പുതിന്റെ ആകസ്‌മിക നിര്യാണമാണ് ആ 'ത്രെഡിന്റെ' തുടക്കം. യുവനടന്റെ ആത്മഹത്യ ബോളിവുഡിനെയും ആരാധകരെയും നടുക്കിയെന്നതു നേര്. പക്ഷേ സുശാന്തിന്റെ ബീഹാർ ബന്ധമാണ് പിന്നീടുള്ള ചർച്ചകളിലും സംഭവങ്ങളിലും രാഷ്‌ട്രീയ നിറങ്ങൾ വാരിക്കോരിയിട്ടത്.
കാരണം ഉടൻ ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. സുശാന്തിന്റെ അടുത്ത ബന്ധുവായ നീരജ് കുമാർ സിംഗ് ഛത്തർപൂർ എന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി എം.എൽ.എയാണ്. വാസ്‌തവത്തിൽ മരിക്കുന്നതുവരെ സുശാന്ത് എന്ന നടന്റെ രാഷ്‌ട്രീയമൊന്നും ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. അദ്ദേഹം രാഷ്‌ട്രീയ നിലപാടുകൾ പങ്കുവച്ചതായും കേട്ടിട്ടില്ല. രാഷ്‌ട്രീയത്തിൽ പ്രയോഗിക്കാൻ പറ്റിയ മരുന്ന് ആ മരണത്തിലുണ്ടെന്ന് വിദഗ്‌ദ്ധർ കണ്ടെത്തുകയായിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മുംബയിലെത്തിയ പാട്‌നാ എസ്.പി വിനയ് തിവാരിയെ കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം ഉദ്ധവിന്റെ പൊലീസ് പിടിച്ച് ക്വാറന്റൈനിലിട്ടതും മറ്റും ആ മരുന്നിന്റെ തീവ്രത തെളിയിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് ബി.ജെ.പി ബീഹാർ തിരഞ്ഞെടുപ്പ് ചുമതല നൽകിയത് ആ മരുന്നിന്റെ ശേഷി തിരിച്ചറിഞ്ഞാണ്.
ഇതിനിടെ ബോളിവുഡിലെ സിനിമാ വ്യവസായം സുശാന്തിന്റെ മരണത്തെ ചൊല്ലി രണ്ടു തട്ടിലായിരുന്നു. അദ്ദേഹത്തിന് ചില താപ്പാനകൾ അവസരം നിഷേധിച്ചതും ഒതുക്കിയതും വലതുപക്ഷ ഇടതുപക്ഷ ബോളിവുഡ് പാണൻമാർ പാടിക്കൊണ്ടിരുന്നു. രാഷ്‌ട്രീയഭാവി കണ്ടിട്ടാണോ എന്നറിയില്ല ഈ ബഹളത്തിലേക്കാണ് നടി കൊങ്കണയും തള്ളിക്കറിയത്. പക്ഷേ സിനിമാക്കാരെയല്ല, മുംബയ് പൊലീസിനെയും മഹാരാഷ്‌ട്രാ ഭരണകൂടത്തെയും വിമർശിച്ചായിരുന്നു അത്. സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്നും മുംബയ് സുരക്ഷിതമല്ലെന്നുമൊക്കെ.
എങ്കിൽ പിന്നെ മുംബയിൽ നിന്നു 'കടക്കുപുറത്ത് ' എന്നായി ഭരണകക്ഷിക്കാർ. അതിനുള്ള കങ്കണയുടെ മറുപടി പാർട്ടിക്കാരെ ശരിക്കും പ്രകോപിപ്പിച്ചു : മുംബയ് പാക് അധിനിവേശ കാശ്മീരിനെപ്പോലെയാണെന്ന്. പാകിസ്ഥാൻ എന്നുകേട്ടാൽ തന്നെ കലിവരുന്നവരാണ്. പണ്ട് പാക് ക്രിക്കറ്റ്ടീം കളിക്കാനിരുന്ന സ്‌റ്റേഡിയത്തിലെ പിച്ച് കിളച്ച് പരുവമാക്കിയ ചരിത്രവുമുണ്ട്. പിന്നെ കണ്ടത് കങ്കണയെ മുംബയിൽ നിന്ന് മൊത്തത്തിൽ ക്ളീൻ ബൗൾഡ് ആക്കാനുള്ള നടപടികളാണ്. നടിയുടെ മുംബയ് ഓഫീസ് അനധികൃതമെന്ന് കണ്ടെത്തി ബുൾഡോസർ വച്ച് ഇടിച്ചു പൊളിച്ചു. ബഹളത്തിനിടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ മുംബയിൽ വിമാനമിറങ്ങിയ ശേഷമാണ് അവർ ഉദ്ധവിനെ ചീത്തവിളിച്ച് വീഡിയോ സന്ദേശമിറക്കിയത്. വിവാഹമുറിപ്പിച്ച ശേഷം മുങ്ങിയ പ്രതിശ്രുത വരന് പണികൊടുക്കാൻ ഒറ്റയ്‌ക്ക് പാരിസിൽ പോയി ജീവിച്ച 'ക്യൂൻ' സിനിമയിലെ നായികയെപ്പോലെ ജീവിതത്തിലും പോരാട്ടവീര്യം തെളിയിച്ചു.
സംഭവത്തോടെ കങ്കണയുടെ രാഷ്‌ട്രീയ ഭാവി ഏതാണ്ട് ശോഭനമായെന്ന് പറയാം. 'ആക്രമി'കളിൽ നിന്ന് കങ്കണയെ സംരക്ഷിക്കാൻ വൈ പ്ളസ് സുരക്ഷ നൽകിയാണ് കേന്ദ്രസർക്കാർ ആദ്യം പ്രതികരിച്ചത്. തങ്ങൾ കോൺഗ്രസ് അനുഭാവികളായിരുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നത് ബി.ജെ.പിയാണെന്നും കങ്കണയുടെ അമ്മ ആശാ റെണൗട്ട് പറഞ്ഞു. മകൾക്ക് വൈ പ്ളസ് സുരക്ഷ നൽകിയതിന് ആഭ്യന്തര മന്ത്രി അമിത് ഷായോട് നന്ദിയും പ്രകടിപ്പിച്ചു. പാർലമെന്റിലും പുറത്തും പ്രതിഷേധങ്ങൾക്ക് വഴിതെളിച്ച കാർഷിക ബില്ലുകളെ പിന്തുണച്ച് കേന്ദ്ര സർക്കാരിന് താങ്ങായി രാഷ്‌ട്രീയ വഴി വെട്ടിതളിച്ച് കങ്കണ സമർത്ഥമായി നീങ്ങുന്നുണ്ട്. ബീഹാർ തിരഞ്ഞെടുപ്പ് റാലികളിൽ പാർട്ടിയുടെ താര പ്രചാരകയായും വന്നേക്കാം. പിന്നെ പാർലമെന്റിലും പ്രതീക്ഷിക്കാം. ഇപ്പോൾ തന്നെ നടിമാരെ തട്ടി നടക്കാൻ കഴിയാത്ത അവസ്ഥയാണ് പാർലമെന്റിൽ. എങ്കിലും വരെട്ടെ അല്ലേ. കാര്യങ്ങൾ കളർഫുൾ ആകട്ടെ.