പൊതുസേവകരും പരിധിയിൽ
ന്യൂഡൽഹി: സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുകയോ, പ്രതിഫലം വാങ്ങുകയോ ചെയ്യുന്നവർ വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കാനുള്ള വ്യവസ്ഥകളോടെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. ബിൽ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു.
ബിൽ നിയമമായാൽ വിദേശ സംഭാവന വാങ്ങാനുള്ള അനുമതിക്ക് ഇന്ത്യൻ പൗരൻമാർക്ക് ആധാർ കാർഡും വിദേശികൾക്ക് പാസ്‌പോർട്ടും നിർബന്ധമാകും. മതപരിവർത്തനം, വർഗീയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കൽ എന്നിവയ്ക്കായി വിദേശ ഫണ്ട് ഉപയോഗിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കാനും ഒരു കൊല്ലംവരെ മരവിപ്പിക്കാനും കേന്ദ്രത്തിന് അധികാരമുണ്ടാവും. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് രജിസ്‌ട്രേഷന് അപേക്ഷിക്കാനാകില്ല.
വ്യക്തികളും സംഘടനകളും കമ്പനികളും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന 2010ലെ ബില്ലാണ് ഭേദഗതി ചെയ്‌തത്.
2014ൽ ഒന്നാം മോദി സർക്കാർ നടപ്പാക്കിയ വിദേശ ഫണ്ട് നിയന്ത്രണ നടപടികളുടെ തുടർച്ചയാണ് പുതിയ ബിൽ. ആറുവർഷത്തിനിടെ മതസംഘടനകളും സന്നദ്ധ സംഘടനകളും വിദേശ സഹായവും സംഭാവനകളും സ്വകരിക്കുന്നതിന് കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കി വരുന്നത്. സർക്കാരിനെ എതിർക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ബില്ലിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
കർശന വ്യവസ്ഥകൾ
വിദേശ സംഭാവന സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാരിൽ നിന്ന് മുൻകൂർ അനുമതി, അല്ലെങ്കിൽ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഇതിനായി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹികൾക്ക് ആധാർ കാർഡും വിദേശികൾക്ക് പാസ്‌പോർട്ടും അനിവാര്യമാകും.
ബാങ്കിൽ എഫ്.സി.ആർ.എ അക്കൗണ്ട് തുറക്കണം. മറ്റ് അക്കൗണ്ടുകളിൽ പണം സ്വീകരിക്കുന്നത് കുറ്റകരമാകും.
നിലവിൽ സ്ഥാനാർത്ഥികൾ, പത്രങ്ങളുടെ പ്രസാധകർ, എഡിറ്റർ, ജഡ്‌ജിമാർ, സർക്കാർ ജീവനക്കാർ, നിയമസഭാംഗങ്ങൾ, രാഷ്‌ട്രീയ പാർട്ടികൾ എന്നിവർക്കൊപ്പമാണ് സർക്കാർ ജോലി ചെയ്യുന്നവരും പ്രതിഫലം പറ്റുന്നവരുമായ പൊതുപ്രവർത്തകരെയും ഉൾപ്പെടുത്തിയത്.
കോർപ്പറേഷനുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമാണ്.