gulshima-fathima

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന തന്നെ ജയിൽ അധികൃതർ സാമുദായികമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി ജാമിയ മിലിയ സർവകലാശാലയിലെ എം.ബി.എ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഗുൽഫിഷ ഫാത്തിമ ആരോപിച്ചു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്‌ത വിദ്യാർത്ഥിനി നിലവിൽ തിഹാർ ജയിലിലാണ്.

തിങ്കളാഴ്ച ഡൽഹി കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയപ്പോഴാണ് ജയിൽ അധികൃതർക്കെതിരെ അഡിഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് മുമ്പാകെ പരാതിപ്പെട്ടത്.

'ജയിലിലെത്തിയത് മുതൽ ഉദ്യോഗസ്ഥരിൽ നിന്ന് നിരന്തരം വിവേചനം നേരിടുന്നുണ്ട്. അവർ എന്നെ വിദ്യാസമ്പന്നയായ ഭീകരവാദി എന്ന് വിളിക്കുകയും സാമുദായികമായി അധിക്ഷേപിക്കുകയും ചെയ്തു. ഞാൻ മാനസിക പീഡനം നേരിടുകയാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജയിൽ അധികൃതരായിരിക്കും ഉത്തരവാദികൾ.'- ഗുൽഷിഫ ഫാത്തിമ പറഞ്ഞു.

തുടർന്ന്,​ ഇത് സംബന്ധിച്ച് അപേക്ഷ നൽകാൻ ഫാത്തിമയുടെ അഭിഭാഷകനോട് ജഡ്‌ജി ആവശ്യപ്പെട്ടു.

ഡൽഹി കലാപ കേസിൽ പൊലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച കുറ്റപത്രത്തിൽ 15 പ്രതികളാണുള്ളത്. കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറാനും ഒക്ടോബർ 3ന് കേസ് കൂടുതൽ പരിഗണനയ്ക്കായി സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.