ന്യൂഡൽഹി: പാതിവഴിയിൽ ചിറകറ്റുപോകുന്ന ചിത്രശലഭങ്ങൾ. അക്ഷരസുഗന്ധം നഷ്ടപ്പെട്ടു തെരുവിൽ അലയുന്നവർ, ഒരു നേരത്തെ അന്നത്തിനു കൈനീട്ടുന്നവർ, കുടുംബത്തിനു വേണ്ടി പഠനവും സ്‌കൂളുമെല്ലാം ഉപേക്ഷിച്ചവർ. ഇവരെ കൈപിടിച്ചുയർത്താനുള്ള ചില ശ്രമങ്ങൾ ഡൽഹിയിൽ നടക്കുന്നുണ്ട്. പഠിക്കാൻ നിവർത്തിയില്ലാത്ത ചുറ്റുപാടുകളിൽ നിന്നുള്ള കുട്ടികൾക്കായി തെരുവോരത്ത് ക്ലാസ് മുറി ഒരുക്കിയിരിക്കുന്നത് ഒരു ദമ്പതിമാരാണ്. മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ വീരേന്ദ്ര ഗുപ്തതയും ഭാര്യയും ഗായികയുമായ വീണ ഗുപ്തയും.
ഡൽഹിയിൽ നിശബ്ദമായ ഒരു റോഡിൽ വീതിയേറിയ ഒരു നടപ്പാതയിൽ ഒരു ക്ലാസ് മുറി. 4 മുതൽ 14 വരെ വയസ് പ്രായമുള്ള കുട്ടികൾ ഈ ദമ്പതികളുടെ ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. യമുനാ നദിയുടെ തീരത്തെ ചെറിയ മറ കെട്ടിയ കുടിലുകളിൽ കഴിയുന്ന ഇവർ പുസ്തകങ്ങളും ബാഗുകളുമേന്തി രണ്ട് കിലോമീറ്ററോളം യാത്ര ചെയ്താണ് തങ്ങളുടെ തെരുവോര ക്ലാസിനെത്തുന്നത്. കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ തുടങ്ങി വിവിധ വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്. കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം രാജ്യത്തെ സ്‌കൂളുകൾ മുഴുവൻ അടഞ്ഞ് കിടക്കുന്നതിനാൽ കുട്ടികൾ ഡിജിറ്റൽ ലേണിംഗിലും ഓൺലൈൻ ക്ലാസിലുമൊക്കെയായാണ് ഇപ്പോൾ പഠിക്കുന്നത്. ഇതിനിടയിലാണ് ബ്ലാക്ക് ബോർഡും ചോക്കുമൊക്കെയായി ഈ ദമ്പതികൾ വ്യത്യസ്ത ക്ലാസ് മുറിയൊരുക്കി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കുട്ടികൾ ക്ലാസിനെത്തുന്നത്.