ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച സൈന്യത്തെ പിൻവലിക്കുന്നതിൽ കള്ളക്കളി തുടരുന്ന ചൈനയുടെ നിലപാടുകൾ കാരണം തിങ്കളാഴ്‌ച നടന്ന സൈനിക കമാൻഡർമാരുടെ 13 മണിക്കൂർ കാര്യമായ തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. എങ്കിലും ആശയവിനിമയത്തിന്റെ വാതിലുകൾ തുറന്നിടാനും ചർച്ചകൾ തുടരാനും ഇരുപക്ഷവും സമ്മതിച്ചു. പ്രകോപനം ഒഴിവാക്കാൻ തീരുമാനിച്ചതായി ഇരു സേനകളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
വിദേശകാര്യമന്ത്രിമാരായ എസ്. ജയശങ്കറും വാംഗ് യിയും മോസ്കോയിലുണ്ടാക്കിയ അഞ്ചിന പരിപാടി പ്രകാരം സേനാപിന്മാറ്റത്തിനുള്ള നടപടിക്രമങ്ങൾ തയ്യാറാക്കാനാണ് ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് നയിച്ച ഇന്ത്യൻ സംഘവും മേജർ ജനറൽ ലിയൂ ലിൻ നയിച്ച ചൈനീസ് സംഘവും അതിർത്തിയിലെ ചുഷൂലിലുള്ള മോൾഡോയിൽ ഇന്ത്യൻ പ്രദേശത്ത് ആറാംവട്ടവും കൂടിക്കാഴ്ച നടത്തിയത്. വിദേശമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്‌തവയുടെയും കരസേനാ ആസ്ഥാനത്തുള്ള ലെഫ്. ജനറൽ പി.ജി.കെ മേനോന്റെയും സാന്നിദ്ധ്യത്തിൽ കൃത്യമായ അജണ്ടയോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ലഫ്. ജനറൽ ഹരീന്ദർ സിംഗിന്റെ പിൻഗാമിയാകുമെന്ന് കരുതപ്പെടുന്ന ആളാണ് മലയാളിയായ ലെഫ്. ജനറൽ മേനോൻ.
രാവിലെ 10ന് തുടങ്ങിയ ചർച്ചയിൽ ലഡാക് അതിർത്തിയിൽ ഏപ്രിലിലെ തൽസ്ഥിതി നിലനിറുത്തണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. പാംഗോംഗ് തടാകത്തിന് തെക്ക് ഇന്ത്യ ആധിപത്യം സ്ഥാപിച്ച മലനിരകളിൽ നിന്ന് പിൻവാങ്ങണമെന്ന് ചൈനയും ആവശ്യപ്പെട്ടു. അതിർത്തി സംരക്ഷിക്കാൻ തങ്ങളുടെ പ്രദേശത്ത് സൈന്യത്തെ വിന്ന്യസിച്ചത് തെറ്റല്ലെന്ന് ഇന്ത്യയും വാദിച്ചു. പതിവുപോലെ, തങ്ങളുടെ കടന്നുകയറ്റം ചൈന ന്യായീകരിച്ചു. ചർച്ച രാത്രി 11.30വരെ നീണ്ടു. തീരുമാനങ്ങളിൽ എത്താതിരുന്നതോടെ വീണ്ടും കാണാമെന്ന ഉറപ്പിൽ കമാൻഡർമാർ കൈകൊടുത്ത് പിരിഞ്ഞു.