പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാർലമെന്റ് വളപ്പിൽ സമരം ചെയ്യുന്ന സസ്‌പെൻഷനിലായ എം.പിമാർക്ക് ചൂട് ചായയും നറു പുഞ്ചിരിയുമായെത്തിയ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം.
എം.പിമാർ ചായ നിരസിച്ചെങ്കിലും, തന്നെ അധിക്ഷേപിച്ചവർക്ക് ചായയുമായെത്തിയ ഹരിംവശ് വലിയ മനസിനുടമയാണെന്ന് മോദി ട്വീറ്റ് ചെയ്തു.
രാജ്യസഭയിൽ കാർഷക ബില്ലിനെതിരായ പ്രതിഷേധത്തിനിടെ ഉപാദ്ധ്യക്ഷനായ ഹരിവംശിനോട് മോശമായി പെരുമാറിയതിനാണ് എളമരം കരീം, കെ.കെ.രാഗേഷ്, ഡെറിക് ഒബ്രിയാൻ, സഞ്ജയ് സിംഗ്, രാജീവ് സതവ്, സയ്യിദ് നസീർ ഹുസൈൻ, റിപുൻ ബോറ, ഡോള സെൻ എന്നിവരെ സസ്പെൻഡ് ചെയ്തത്. തുടർന്ന് എം.പിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. രാത്രിയിലും പ്രതിഷേധം തുടർന്നു.
ഇന്നലെ രാവിലെ എട്ടോടെ ചായയും ലഘുഭക്ഷണവുമായി ഹരിവംശ് സ്വകാര്യവാഹനത്തിൽ എം.പിമാരെ കാണാനെത്തുകയായിരുന്നു. അനൗപചാരികമായാണ് വന്നതെന്ന് പറഞ്ഞ അദ്ദേഹം എം.പിമാരെ ചായ കുടിക്കാൻ ക്ഷണിച്ചു. ഫ്ളാസ്കും ഡിസ്‌പോസബിൾ പ്ലേറ്റും മറ്റും എടുത്ത് വച്ചു. എന്നാൽ ചാനൽ കാമറകളെങ്ങനെ ഒപ്പം വന്നുവെന്നായി എം.പിമാരുടെ ചോദ്യം. തുടർന്ന് എം.പിമാർ അദ്ദേഹത്തിന് നന്ദി പറഞ്ഞ് ചായ നിരാകരിച്ചു.
തൊട്ടുപിന്നാലെയാണ് മോദിയുടെ ട്വീറ്റ്.
രാജ്യസഭാ ഉപാദ്ധ്യക്ഷനും ബീഹാറിൽ നിന്നുള്ള എം.പിയുമായ ഹരിവംശ് നാരായൺ സിംഗിന്റെ പ്രവർത്തി ജനാധിപത്യസ്നേഹികളെ അഭിമാനം കൊള്ളിക്കും. ദിവസങ്ങൾക്ക് മുമ്പ് തന്നെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവർക്ക് ചായയുമായി നേരിട്ടെത്തിയത് അദ്ദേഹത്തിന്റെ മഹത്വമാണ് കാണിക്കുന്നത്.
- മോദിയുടെ ട്വീറ്റ്
സാൻഡ് വിച്ചും ലസിയും സുലഭം
അപ്രതീക്ഷിതമായി അനിശ്ചിതകാല സമരത്തിനിറങ്ങിയ എം.പിമാർക്ക് അവശ്യവസ്തുക്കളുമായി പ്രതിപക്ഷ നേതാക്കൾ സജീവമായിരുന്നു. തിങ്കളാഴ്ച സാൻവിച്ചും ലസിയും തലയിണയും ബെഡ്ഷീറ്റും കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് എത്തിച്ചു. ഡി.എം.കെയിലെ തിരുച്ചു ശിവ ഇഡ്‌ലിയും ചമ്മന്തിയും നൽകി.
സഭാ സമ്മേളനം ബഹിഷ്‌കരിക്കാൻ പ്രതിപക്ഷം തീരുമാനമെടുത്തതിന് പിന്നാലെ സത്യാഗ്രഹം അവസാനിപ്പിച്ചു.