ന്യൂഡൽഹി: കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നിന്റെ സ്മാരകംപോലെ നിൽക്കുന്ന കൊച്ചി പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി അനുമതി നൽകി. പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ആർ.എഫ്.നരിമാൻ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി.
ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലും പാലം പൊളിച്ച് പണിയാൻ അനുമതി നൽകണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷയുമാണ് പരിഗണിച്ചത്. ഭാരപരിശോധന നടത്താൻ കഴിയാത്തവിധം പാലം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ച സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവിനെ വിമർശിക്കുകയും ചെയ്തു. സ്ട്രക്ച്ചറൽ എൻജിനീയർമാർ ഉൾപ്പെട്ട വിദഗ്‌ദ്ധരാണ് പാലം അപകടാവസ്ഥയിലാണെന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. നിരവധി ജീവനുകളുടെ കാര്യമാണ്. ജനതാത്പര്യവും സുരക്ഷയും മുൻനിറുത്തി പാലം പണിയുമായി സർക്കാരിന് മുന്നോട്ടു പോകാം - കോടതി പറഞ്ഞു. പാലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹർജികൾ ആറുമാസത്തിനകം തീർപ്പാക്കണം. പാലം അഴിമതി വിഷയത്തിലേക്ക് സുപ്രീം കോടതി കടന്നില്ല.
ശ്രീധരന്റെ ഈഗോയെന്ന്
ഇ. ശ്രീധരന്റെ അഭിപ്രായപ്രകാരമാണ് പാലം പൊളിക്കാൻ തീരുമാനിച്ചതെന്നും 'ശ്രീധരന്റെ ഈഗോ'യാണ് ഇതിനു പിന്നിലെന്നും നിർമ്മാതാക്കളായ ആർ.ഡി.എസ് പ്രോജക്ടസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി ആരോപിച്ചു. കൺസൽട്ടന്റായ കിറ്റ്കോയ്ക്ക് വേണ്ടി ഹാജരായ ഗോപാൽ ശങ്കരനാരായണൻ ഇതിനെ പിന്താങ്ങി. രാജ്യം കണ്ട ഏറ്റവും പ്രഗത്ഭ എൻജിനിയറായ ശ്രീധരനെതിരെയുള്ള പരാമർശങ്ങൾ പ്രതിഷേധാർഹമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ പറഞ്ഞു.
പുതിയ പാലത്തിന് 100 വർഷം ആയുസ്
ഐ.ഐ.ടി ചെന്നൈ, ഇ. ശ്രീധരൻ എന്നിവരുടെ നിർദ്ദേശം പരിഗണിച്ച് രൂപകല്പന ചെയ്യുന്ന പുതിയ പാലം 100 വർഷം ഉപയോഗിക്കാനാവുമെന്ന് അറ്റോണി ജനറൽ ബോധിപ്പിച്ചു. 18 കോടി ചെലവാകും. തകർന്ന പാലത്തിൽ അറ്റകുറ്റപ്പണി നടത്താൻ എട്ട് കോടി വേണ്ടിവരുമെന്നും 20 കൊല്ലത്തിനപ്പുറം ആയുസുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി.
വിജിലൻസ് അന്വേഷണം ഇതുവരെ
പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജ്, ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, കിറ്റ്കോ മുൻ എം.ഡി ബെന്നിപോൾ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അഡിഷണൽ ജനറൽ മാനേജൻ എം.ഡി. തങ്കച്ചൻ എന്നിവർ അറസ്റ്റിൽ
അഞ്ചാം പ്രതിയായ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ രണ്ടു തവണ ചോദ്യം ചെയ്തു
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എം.ഡി മുഹമ്മദ് ഹനീഷിനെ ചോദ്യം ചെയ്തു
കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഡിവൈ.എസ്.പി അശോക്കുമാറിനെ മാറ്റി. ഡിവൈ.എസ്.പി ശ്യാംകുമാർ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. ഉടൻ കുറ്റപത്രമെന്ന് അന്വേഷണസംഘം
ഒരു വർഷം തികയ്ക്കാതെ
ദേശീയപാതയിൽ ഇടപ്പള്ളിക്കും വൈറ്റിലക്കുമിടയിൽ
2014 സെപ്തംബറിൽ നിർമ്മാണം ആരംഭിച്ചു
2016 ഒക്ടോബർ 12ന് ഉദ്ഘാടനം
2017 ജൂലായ്: വിള്ളൽ കണ്ടെത്തി
2019 മേയ് 1: ഫ്ളൈ ഓവർ അടച്ചുപൂട്ടി
60 മീറ്റർ- ഫ്ളൈ ഓവറിന്റെ നീളം
47.7 കോടി- നിർമ്മാണച്ചെലവ്
തകരാറുകൾ
1. പിയർ ക്യാപ്പ് 1, 2, 3, 7, 10, 12ൽ വിള്ളൽ
2. ഗർഡറുകൾക്ക് ബലക്ഷയം
3. പില്ലറുകളിലും വിള്ളലുകൾ
അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. പുതിയ പാലം നിർമ്മിക്കുന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമില്ല. ഇ.ശ്രീധരനെ പോലുള്ള പ്രതിഭകൾ പാലം പൊളിക്കണമെന്ന് നിർദ്ദേശിച്ചതാണ്.
- മുഖ്യമന്ത്രി പിണറായി വിജയൻ