ന്യൂഡൽഹി: രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് കേന്ദ്രസർക്കാരിന്റെ പാവയായെന്നും പാർലമെന്റ് വളപ്പിൽ സത്യാഗ്രഹം കിടന്ന എം.പിമാരെ കാണാൻ ചായയുമായി അദ്ദേഹമെത്തിയത് ബീഹാർ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകമാണെന്നും ഇടതുപക്ഷ എം.പിമാർ വിമർശിച്ചു. കാർഷിക ബില്ല് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണും. ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ നടപടി നേരിട്ട എം.പിമാരിൽ ഒരാൾ പോലും മാപ്പു പറയില്ലെന്നും ഇടത് എം.പിമാർ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള നാടകമാണ് ഇന്നലെ രാവിലെ നടന്നതെന്ന് സി.പി.എം കക്ഷിനേതാവ് എളമരം കരീം കുറ്റപ്പെടുത്തി. പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ഉപാദ്ധ്യക്ഷൻ മറന്നുപോയെന്ന് ബിനോയ് വിശ്വവും വിമർശിച്ചു.