ന്യൂഡൽഹി :പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഫയൽ ചെയ്ത സ്യൂട്ട് ഹർജിയിൽ തുടർനടപടികൾ സ്വീകരിച്ച് വരുന്നതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ കേസിൽ വക്കാലത്ത് ഇടുമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ബി.വി. ബൽറാം ദാസ് പറഞ്ഞു. കേന്ദ്ര സർക്കാരിന് അയച്ച സമൻസിന്റെ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ജസ്റ്റിസ് ഹൃഷികേശ് റോയുടെ ചേംബറിൽ സ്യൂട്ട് പരിഗണിച്ചത്.
ജനുവരി 13നാണ് കേരളത്തിന് വേണ്ടി അന്നത്തെ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പൗരത്വ നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 2013ലെ സുപ്രീം കോടതി ചട്ടപ്രകാരം, കേസിലെ എതിർകക്ഷി ആയ കേന്ദ്ര നിയമ മന്ത്രാലയത്തിന് അറ്റോർണി ജനറലിന്റെ ഓഫീസ് മുഖേന സുപ്രീം കോടതി രജിസ്ട്രി ജനുവരി 29ന് സമൻസ് അയച്ചിരുന്നു.
ആറു മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിന് വേണ്ടി അഭിഭാഷകർ വക്കാലത്ത് ഇട്ടില്ല. തുടർന്ന് ചേംബർ സമൻസ് കൈമാറാൻ രജിസ്ട്രി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. ഇതേതുടർന്ന് സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ചേംബർ സമൻസ് കൈമാറി.