ന്യൂഡൽഹി: കർഷക പ്രതിഷേധം ശക്തമായതോടെ, പാർലമെന്റിൽ കാർഷിക ബില്ലുകളെ പിന്തുണച്ച എൻ.ഡി.എ ഘടകകക്ഷി ജെ.ഡി.യുവിന് മനംമാറ്റം. ബില്ലിലെ ആശങ്കകൾ പരിഹരിക്കപ്പെടണമെന്നും കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തണമെന്നും ജെ.ഡി.യു ജനറൽ സെക്രട്ടറി കെ.സി ത്യാഗി ആവശ്യപ്പെട്ടു. നവംബറിൽ നടക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന ഭയമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
സ്വകാര്യ കമ്പനികൾ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ അതിന് വിലയുറപ്പാക്കണമെന്ന് നിരവധി കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും താങ്ങു വിലയ്ക്ക് താഴെ ഉത്പന്നങ്ങൾ വാങ്ങുന്നത് ശിക്ഷാർഹമായ കുറ്റമാക്കണമെന്നും ത്യാഗി പറഞ്ഞു.