vande-bharath

ന്യൂഡൽഹി: സൗദി അറേബ്യയുടെ വ്യോമയാന വിലക്കിൽ നിന്നും വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കിയതായി എയർ ഇന്ത്യ എക്‌സ്‌പ്രസ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് സൗദി ജനറൽ അതോറിറ്റി ഒഫ് സിവിക് ഏവിയേഷൻ പ്രഖ്യാപിച്ച യാത്രാ വിലക്ക് വന്ദേ ഭാരത് സർവീസുകളെ ബാധിക്കുമോയെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം. വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ സൗദിയിൽ നിന്ന് തിരികെ എത്തിക്കുന്ന സർവീസുകൾ പഴയപടി തുടരും. എന്നാൽ സൗദിയിലേക്കുള്ള വിമാനം യാത്രക്കാരില്ലാതെയാണ് പറക്കുകയെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു.

സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചാർട്ടേഡ് ഉൾപ്പടേയുള്ള മറ്റ് വിമാന സർവീസുകൾക്ക് വിലക്ക് ബാധകമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ,അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളുമായുള്ള വ്യോമയാന ബന്ധം സൗദി അറേബ്യ താത്കാലികമായി നിറുത്തി വച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.